ന്യൂഡൽഹി > നയതന്ത്രബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ട്രാൻസ്ഫർഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി 20ലേക്ക് മാറ്റി. അതേസമയം, ഇഡിയുടെ ഹർജിയിൽ സംസ്ഥാനസർക്കാർ നൽകിയ ഇടപെടൽ ഹർജി ചീഫ്ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചു.
ഇഡിയുടെ ഹർജിയിൽ സംസ്ഥാനത്തിന് നോട്ടീസ് അയച്ച സുപ്രീംകോടതി വെള്ളിയാഴ്ച്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്ങ്മൂലം ഫയൽ ചെയ്യാനും നിർദേശിച്ചു. 20ന് ഹർജികൾ തീർപ്പാക്കുമെന്ന് ജസ്റ്റിസ് രവീന്ദ്രഭട്ട് കൂടി അംഗമായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. സംസ്ഥാനത്ത് കലാപങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയതെന്ന് സംസ്ഥാനസർക്കാർ ചൂണ്ടിക്കാണിച്ചു. രേഖകളോ തെളിവുകളോ ഇല്ലാതെ പ്രമുഖർക്ക് എതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ആ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി അനാവശ്യനീക്കങ്ങൾ നടത്തുന്നതെന്നും സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽസിബൽ വാദിച്ചു. രേഖകളുടെ പിൻബലമില്ലാതെ മുഖ്യമന്ത്രിയുടെയും മറ്റും പേരുകൾ കോടതിയിൽ അനാവശ്യമായി പരാമർശിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.