ഹരിപ്പാട്> മാലിഗ്നന്റ് മെലോമ എന്ന സ്കിൻ കാൻസറിനോട് പോരാടിയ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. മുഖത്തിന്റെ മുക്കാൽഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്.
ജനിച്ചപ്പോൾ തന്നെ പ്രഭുലാലിന്റെ ശരീരത്ത് കറുത്ത മരുകിന്റെ നേരിയ അടയാളം ഉണ്ടായിരുന്നു. പിന്നീട് അത് വളർന്നു തുടങ്ങുകയായിരുന്നു. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന അപൂർവ രോഗമാണ് പ്രഭുലാലിനെ ബാധിച്ചതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ ബിന്ദു ദമ്പതികളുടെ മകനായ പ്രഭുലാൽ പ്രസന്നൻ കലാരംഗത്തും സജീവമായിരുന്നു.