തിരുവനന്തപുരം
ബിജെപിയുടെ വർഗീയഭരണത്തെ പരാജയപ്പെടുത്താൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ ഉത്തരവാദിത്വമുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ മതേതര ജനാധിപത്യ കക്ഷികളെയും പ്രാദേശിക പാർടികളെയും ഇടതുപക്ഷ പാർടികൾക്കൊപ്പം അണിനിരത്തിയായിരിക്കണം ഇത് നേടിയെടുക്കേണ്ടത്. സിപിഐ സംസ്ഥാന സമ്മേളന സമാപനത്തിൽ സംസാരിക്കുകയായിരുന്നു രാജ. ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കില്ലെന്ന് പ്രതിജ്ഞ എടുക്കാനാകണം. ആ പോരാട്ടത്തിൽ സിപിഐ മുമ്പന്തിയിൽ ഉണ്ടാകും. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ മതനിരപേക്ഷ കക്ഷികളെയും ഏകോപിപ്പിക്കണം. ബ്രിട്ടീഷ് ഭരണത്തെ മുട്ടുകുത്തിക്കാനാകുമെങ്കിൽ, ബിജെപിയുടെ ജനവിരുദ്ധ ഭരണത്തെയും പരാജയപ്പെടുത്താനാകും. ചെങ്കൊടിയാണ് രാജ്യത്തിന്റെ ഭാവിയെന്നും ഡി രാജ പറഞ്ഞു.