ന്യൂഡൽഹി> വധശിക്ഷ വിധിക്കുംമുമ്പ് വിചാരണക്കോടതിയിൽ ശിക്ഷ ലഘൂകരിക്കാനുതകുന്ന സാഹചര്യങ്ങൾ വിശദമായി അവതരിപ്പിക്കാൻ പ്രതിക്ക് അവസരം നൽകണോ എന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീംകോടതി.
എതിർവാദം നിരത്താൻ സംസ്ഥാന സർക്കാരുകൾക്ക് വിചാരണവേളയിൽ അവസരമുണ്ട്. പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചശേഷം, തനിക്ക് അനുകൂലമായ വാദം നിരത്താൻ പ്രതിക്ക് അവസരം നൽകുന്നത് വധശിക്ഷ ഒഴിവാക്കാൻ സാധ്യത ഒരുക്കുമെന്നും കോടതി നിരീക്ഷിച്ചു.
വിചാരണക്കോടതികൾക്ക് എങ്ങനെ വധശിക്ഷ ലഘൂകരിക്കാമെന്ന് സ്വമേധയാ പരിശോധിക്കവെയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. അഞ്ചംഗ ബെഞ്ചിന്റെ രൂപീകരണത്തിൽ ചീഫ് ജസ്റ്റിസ് ഉത്തരവിറക്കും. നേരത്തേ അറ്റോർണി ജനറലിനും നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിക്കും കോടതി നോട്ടീസയച്ചിരുന്നു.
പ്രമാദമായ ബച്ചൻ കേസിൽ വശിക്ഷ വിധിക്കുംമുമ്പ് പ്രതിക്ക് പ്രത്യേകമായി വിചാരണ നടത്തിയത് കോടതി ഓർമിപ്പിച്ചു. വധശിക്ഷ വിധിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ ക്രൂരതയ്ക്കൊപ്പം അതിലേക്ക് നയിച്ച സാഹചര്യവും വിചാരണക്കോടതി പരിശോധിക്കണമെന്നും പ്രതികാരബുദ്ധി കാട്ടരുതെന്നും 2022 മെയിൽ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉത്തരവിട്ടിരുന്നു.
8 മാസം; ഗുജറാത്തിൽ വധശിക്ഷ വിധിച്ചത് 50 പേർക്ക്
ഗുജറാത്തിൽ എട്ടു മാസത്തിനിടെ വിവിധ കോടതികൾ വധശിക്ഷ വിധിച്ചത് 50 പേർക്ക്. 2006മുതല് 20-21വരെ സംസ്ഥാനത്ത് ആകെ 46 പേർക്കാണ് വധശിക്ഷ വിധിച്ചത്. ഫെബ്രുവരിയിൽ പ്രത്യേക കോടതി 2008 അഹമ്മദാബാദ് ബോംബ് സ്ഫോടനക്കേസിൽ പ്രതികളായ 38 പേർക്ക് ഒറ്റയടിക്ക് വധശിക്ഷ വിധിച്ചു. മറ്റുള്ളവർക്കെല്ലാം ദുരഭിമാനക്കൊലയിലും പോക്സോ കേസുകളിലുമാണ് വധശിക്ഷ. ഇതിനുമുമ്പ് 2011ലാണ് ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത്- 13.