ന്യൂഡൽഹി> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് സംഭാവന നൽകിയതിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി. പൊതുജനങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. അത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതല്ലേയെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.
മഹാപ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ ഘട്ടങ്ങളിലായി പത്തുകോടിയോളം രൂപ ദേവസ്വം ബോർഡ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. ഇതിനെതിരെ ചിലർ നൽകിയ ഹർജിയിൽ ഇത്തരത്തിൽ പണം നൽകാനാകില്ലെന്നായിരുന്നു ഹൈക്കോടതി വിധി.
ഇതിനെതിരെയാണ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്. തൽക്കാലം തൽസ്ഥിതി തുടരാൻ നിർദേശിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചു. ഒക്ടോബർ പത്തിനകം മറുപടി നൽകണം.
ക്ഷേത്രത്തിൽ വരുന്നവർക്കുമാത്രം ആ പണം വിനിയോഗിക്കാൻ ആവശ്യപ്പെടുന്നത് കൃഷ്ണനെ കുറച്ചുകാണലല്ലേയെന്ന് കോടതി ചോദിച്ചു. ക്ഷേത്രത്തിന് ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാൻ ബോർഡിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.