കൊച്ചി> ഗവർണർ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയതോടെ ഇപ്പോൾ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ എന്തിനുവേണ്ടിയാണെന്ന് തെളിഞ്ഞതായി മന്ത്രി പി രാജീവ് പറഞ്ഞു. താൻ ആർഎസ്എസിന് ക്ലാസ് എടുക്കുന്നയാളാണെന്നും അവരുമായി നല്ല ബന്ധമുണ്ടെന്നുമാണ് ഗവർണർ പറഞ്ഞത്. ഗവർണർ വഹിക്കുന്ന സ്ഥാനത്തിനനുസരിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്വവും മാന്യതയും കാണിക്കണം. ഇപ്പോൾ നടത്തുന്നതുപോലുള്ള തരംതാഴ്ന്ന പ്രതികരണങ്ങൾ അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നില്ല–- രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നുവർഷംമുമ്പ് നടന്നു എന്ന് ഗവർണർ ആരോപിക്കുന്ന സംഭവവും നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടുന്നതും തമ്മിൽ എന്തു ബന്ധമാണുള്ളത്. അതേക്കുറിച്ച് ഗവർണർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതിന് എത്രയോ മാർഗങ്ങളുണ്ട്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമില്ല. ബില്ലുകൾ തിരിച്ചയക്കാൻ അവകാശമുണ്ട്. അപ്പോൾ ബില്ലിലുള്ള പ്രശ്നങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം. തുടർന്നും നിയമസഭ ആ ബില്ലുകൾ പാസാക്കിയാൽ ഗവർണർ അത് അംഗീകരിക്കേണ്ടിവരും. ഗവർണർ വ്യക്തിപരമായ സംതൃപ്തിക്കല്ല, നിയമസഭയുടെ സംതൃപ്തിക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് അടുത്തുവന്ന കോടതിവിധികളും വ്യക്തമാക്കുന്നുണ്ട്.
ഭരണഘടനയുടെ 32––ാംവകുപ്പ് അനുസരിച്ച് നിയമസഭകൾ പാസാക്കുന്ന നിയമം അനുസരിച്ചാണ് സർവകലാശാലകൾ പ്രവർത്തിക്കുന്നത്. നിയമസഭ പാസാക്കിയ നിയമം അനുസരിച്ചുള്ള അധികാരംമാത്രമാണ് സർവകലാശാലാ ചാൻസലർക്കുള്ളത്. അവിടെ ഗവർണർക്ക് പ്രത്യേക അധികാരം ഇല്ല. ഗവർണറുടെ അധികാരം നിശ്ചയിക്കാൻ നിയമസഭകൾക്കാകില്ല. അത് സർക്കാർ നിശ്ചയിച്ചിട്ടുമില്ല.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടരുതെന്ന പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായം കോൺഗ്രസിന്റെ നിലപാടാണോ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.