തിരുവനന്തപുരം
ഭര്‍ത്താവിന്റെ വെട്ടേറ്റ് അറ്റ് തൂങ്ങിയ യുവതിയുടെ കൈപ്പത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തുന്നിച്ചേർത്തു. പത്തനംതിട്ട കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വിദ്യ (27)യുടെ കൈപ്പത്തിയാണ് എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തത്. ശനി രാത്രിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ഞായര്‍ രാവിലെ ഒമ്പതോടെ യുവതിയെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. അസ്ഥികള്‍ കമ്പിയിട്ട് ഉറപ്പിച്ച് ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്മനാഡികളുമെല്ലാം തുന്നിച്ചേര്‍ക്കുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയാണ് നടന്നത്. ശനി രാത്രി എട്ടോടെയാണ് വിദ്യ (27)യെ ഭര്‍ത്താവ് സന്തോഷ് വെട്ടിയത്. തടയുന്നതിനിടെ ഇടതുകൈപ്പത്തി അറ്റു. വലതുകൈയിലെ വിരലുകള്‍ക്കും പരിക്കുണ്ട്. ഉടനെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയക്ക് പത്തുലക്ഷത്തിലധികം രൂപ ചെലവാകുമെന്നും വിജയിക്കുന്ന കാര്യം സംശയമാണെന്നും പറഞ്ഞതായി വിദ്യയുടെ അച്ഛന് വിജയന് വെളിപ്പെടുത്തി. ഇതോടെ മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസ് ഇടപെട്ടാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.
മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് വിദ്യ. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിജയന്റെ മുതുകിലും വെട്ടേറ്റു. ഇദ്ദേഹവും മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അസ്ഥിരോഗവിഭാഗത്തിലെ അസോസിയറ്റ് പ്രൊഫസര്‍ ബിനോയ്, ഡോ. രോഹിത്, ഡോ. ജെയ്സണ്‍, പ്ലാസ്റ്റിക് സര്‍ജറി അസോസിയറ്റ് പ്രൊഫസര്‍ ബിനോദ്, ഡോ. ലിഷ, ഡോ. വൃന്ദ, ഡോ. ചാള്‍സ്, ഡോ. സുരയ്യ, ഡോ. ആതിര, എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.