ന്യൂഡൽഹി
നമീബിയയിൽനിന്ന് എട്ട് ചീറ്റകളെ എത്തിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നു. ഏഴു പതിറ്റാണ്ടുമുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ ഇന്ത്യയിൽ വീണ്ടും കൊണ്ടുവരാനുള്ള ക്രിയാത്മകമായ ശ്രമങ്ങളൊന്നും മുൻ സർക്കാരുകൾ നടത്തിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് എതിരെയാണ് പ്രതിപക്ഷ വിമർശം.
2009ൽ കേന്ദ്ര വനംമന്ത്രിയായിരിക്കെ ചീറ്റകളെ എത്തിക്കുന്നതിനായി നടത്തിയ കത്തിടപാടുകൾ കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വിറ്ററിൽ പുറത്തുവിട്ടു. യുപിഎ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ‘പ്രൊജക്ട് ചീറ്റ’യുടെ വിശദാംശങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. ചീറ്റകളെ കൊണ്ടുവരാൻ അനുമതി നൽകുന്നതോടൊപ്പം വിശദമായ പദ്ധതി നിർദേശം 2010 ജനുവരിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മേധാവിയായിരുന്ന എം കെ രഞ്ജിത്സിങ്ങിന് എഴുതിയ കത്തും രമേഷ് പുറത്തുവിട്ടു. മോദിയെ സ്ഥിരം നുണയനെന്നും അദ്ദേഹം പരിഹസിച്ചു. എട്ട് ചീറ്റകൾ വന്നു, എന്നാൽ, എട്ടുവർഷംകൊണ്ട് നൽകുമെന്നു പറഞ്ഞ 16 കോടി തൊഴിൽ എവിടെ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. സമാജ്വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവും തൃണമൂൽ കോൺഗ്രസും മോദിയെ പരിഹസിച്ചു രംഗത്തെത്തി.