പാലക്കാട്> ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെ കണ്ടത് എന്തിനാണെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. തൃശൂരിലെ ആർഎസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിലെ സന്ദർശനത്തിന്റെ ലക്ഷ്യമെന്താണെന്ന് കേരള ജനതയ്ക്ക് അറിയാൻ താൽപ്പര്യമുണ്ട്. മുഖ്യമന്ത്രിയടക്കം അങ്ങോട്ടുചെന്ന് കാണുന്നയാളാണ് ഗവർണർ. കേരളത്തിലെ മതേതര മനസ്സിന്റെ മുന്നിൽ ഗവർണറുടെ സന്ദർശനം ചോദ്യചിഹ്നമായി തുടരുകയാണ്. ഇതിന് ഗവർണർ മറുപടി പറയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗവർണറുമായുള്ള ഏറ്റുമുട്ടൽ കേരളത്തിന്റെ പൊതുവികസനത്തെ ബാധിക്കും. അതുകൊണ്ടുതന്നെ സർക്കാർ പരമാവധി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഗവർണർ പ്രകോപനപരമായ പരാമർശങ്ങളാണ് ഇടതടവില്ലാതെ നടത്തുന്നത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുന്നതിനൊപ്പം കമ്യൂണിസ്റ്റ് പ്രസ്താനത്തെയും വിമർശിച്ചു. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. മുഖ്യമന്ത്രിയെയും സിപിഐ എമ്മിനെയും ആർഎസ്എസ് വിമർശിച്ചാൽ മനസ്സിലാക്കാം. എന്നാൽ അതേ ശൈലി ഗവർണർ സ്വീകരിക്കാൻ പാടില്ലാത്തതാണ്.
മലർന്നുകിടന്ന് തുപ്പിയാൽ സ്വന്തം ശരീരത്തിൽത്തന്നെ പതിക്കുമെന്ന് ഗവർണർ ഓർക്കണം. മുഖ്യമന്ത്രിക്കെതിരെയോ സർക്കാരിനെതിരെയോ ഒരു രേഖയും ഗവർണറുടെ കൈയിലില്ല. ഭരണഘടനാ വിരുദ്ധമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ല. സർക്കാരിനെതിരെയുള്ള സമീപനം പുനഃപരിശോധിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും എ കെ ബാലൻ പറഞ്ഞു.