തിരുവനന്തപുരം> മങ്കയം ഇക്കോടൂറിസം സന്ദർശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേർ ഒഴുക്കിൽപ്പെട്ടു. എട്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. ഒരു സ്ത്രീയെ കാണാനില്ല, തിരച്ചിൽ തുടരുന്നു. ഞായർ വൈകിട്ട് ആറോടെയാണ് സംഭവം. നെടുമങ്ങാട് പുളിഞ്ചിയിലെ നസ്രിയ (8)ആണ് മരിച്ചത്. ഷാനിമ (35)യ്ക്കായി തിരച്ചിൽ തുടരുന്നു.
നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ ഷഫീഖ്, ഫാത്തിമ, ഉമറുൾ ഫാറൂക്ക്, ആയിഷ, സുനൈന, ഹാജിയ, ഇർഫാൻ, ഷാനിമ, ഐറൂസ് (6), നസ്രിയ എന്നിവരാണ് മങ്കയത്ത് എത്തിയത്. ഇക്കോ ടൂറിസത്തിലേക്ക് പോകാൻ അനുമതി ലഭിക്കാത്തതിനാൽ ചെക്പോസ്റ്റിൽനിന്ന് കുറച്ചു മാറി വാഴത്തോപ്പ് എന്ന സ്ഥലത്ത് സംഘം കുളിക്കാനിറങ്ങി. ഈ സമയത്ത് പ്രദേശത്ത് മഴ ഇല്ലായിരുന്നു. അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലിൽ എല്ലാവരും ഒഴുകിപ്പോകുകയായിരുന്നു.
ആറ്റിലൂടെ ഒരു കുട്ടി ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആറിന്റെ പലയിടങ്ങളിലായി തങ്ങിക്കിടന്ന മറ്റ് ഏഴു പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഷാനിമയെയും നസ്രിയയെയും രക്ഷിക്കാനായില്ല. ഏറെ തിരച്ചിലുകൾക്കുശേഷം നസ്രിയയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഷാനിമയ്ക്കായി തിരച്ചിൽ തുടരുന്നു. ഇവരുടെ ബന്ധുവായ ഐറൂസ് (6) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് ഏഴുപേർ പാലോട് ഗവ. ആശുപത്രിയിലുമാണ്. തഹസിൽദാരുടെയും ഡി കെ മുരളി എംഎൽഎയുടെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.