പെരിന്തൽമണ്ണ> അഞ്ച് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികളെ പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. അതിവാർ ഷേഖ് (31), ഫുൾ ഷാദ് ഷേഖ് (43) എന്നിവരാണ് പിടിയിലായത്. പശ്ചിമ ബംഗാൾ, യുപി, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽനിന്നും കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികൾ മുഖേന വലിയ അളവിൽ കഞ്ചാവ് എത്തിച്ച് ചെറു പൊതികളാക്കി വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന.
ഓണം സ്പെഷ്യൽ ഡ്രൈവ് പ്രത്യേക കർമപദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ ശ്രീധരന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇൻസ്പെക്ടർ പി ഹരിദാസൻ, പ്രിവന്റീവ് ഓഫീസർ വി കുഞ്ഞുമുഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് അരുൺകുമാർ, തേജസ്, വി അമിത്, കെ രാജേഷ്, ടി കെ ഹബീബ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സി എ സജ്ന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.