തിരുവനന്തപുരം> സ്നേഹാശംസകളുടെ നിറവിൽ ജീവിത വഴിയിൽ ഒരുമിച്ചു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെ എം സച്ചിൻദേവ് എംഎൽഎയും. ലളിതവും ഹൃദ്യവുമായിരുന്നു വിവാഹം. സച്ചിന്റെ അച്ഛൻ നന്ദകുമാറും ആര്യയുടെ പിതാവ് രാജേന്ദ്രനും കൈമാറിയ ഹാരം പരസ്പരം അണിയിച്ചു. തുടർന്ന് ഇരുവരും കൈയ്യ്കൊടുത്തതോടെ ചടങ്ങുകൾ പൂർത്തിയായി. കുടുംബാംഗങ്ങൾ, സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനൻ എന്നിവരുടെ സാന്നിധ്യത്തിൽ എകെജി ഹാളിലായിരുന്നു വിവാഹം. ആദ്യ ആശംസ നേർന്ന് എം വി ഗോവിന്ദൻ. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ. ബാലുശേരിയെ പ്രതിനിധീകരിക്കുന്ന സച്ചിൻ ദേവ് നിയമസഭയിലെ പ്രായം കുറഞ്ഞ അംഗവും. വിവാഹം ലളിതമാക്കിയ ഇരുവരും സമ്മാനം നൽകാൻ ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ, കോർപറേഷന്റെ അഗതി–-വൃദ്ധ മന്ദിരങ്ങളിലോ നൽകണമെന്നും അഭ്യർഥിച്ചിരുന്നു. സൽകാരത്തിലും ലാളിത്യം നിറഞ്ഞു. കപ്പയും മുളകും കേസരിയും പാൽപായസവും സുലൈമാനിയുമാണ് നൽകിയത്.
മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, വീണ ജോർജ്, വി അബ്ദുറഹ്മാൻ, ജി ആർ അനിൽ, ആന്റണി രാജു, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ടി എം തോമസ് ഐസക്, കെ കെ ശൈലജ, പി കെ ശ്രീമതി, പി സതീദേവി, സംസ്ഥാനസെക്രട്ടറിയറ്റംഗങ്ങളായ പുത്തലത്ത് ദിനേശൻ, പി കെ ബിജു, എംപിമാരായ എ എ റഹീം, ബിനോയ് വിശ്വം, എം കെ രാഘവൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, പാളയം ഇമാം സുഹൈബ് മൗലവി, സന്ദീപാനന്ദഗിരി, സംവിധായകൻ ഷാജി എൻ കരുൺ, നടന്മാരായ പ്രേംകുമാർ, നന്ദു ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലയിലെ നിരവധി പേർ ആശംസ നേരാനെത്തി. സിപിഐ എം കോഴിക്കോട് ജില്ലാകമ്മിറ്റിയംഗമാണ് സച്ചിൻ. ചാല ഏരിയകമ്മിറ്റിയംഗമാണ് ആര്യ. ആശംസകൾ ഹൃദയപൂർവം സ്വീകരിച്ചതായും എല്ലാവരോടും സന്തോഷം പങ്കുവക്കുന്നതായും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.