തിരുവനന്തപുരം> ഓൺലൈൻ തട്ടിപ്പിന് എതിരെ ജാഗ്രതപാലിക്കണമെന്ന് കെഎസ്ഇബി. വ്യാജ എസ്എംഎസ്, വാട്സ് ആപ് സന്ദേശങ്ങൾ വഴി ഉപഭോക്താളെ കെണിയിൽ കുടുക്കുന്നത് കൂടിയതോടെയാണ് ജാഗ്രതനിർദേശം. എത്രയും വേഗം പണമടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കുമെന്നാണ് പ്രധാന തട്ടിപ്പ് സന്ദേശം.
ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നുമെന്ന സന്ദേശങ്ങളും അയക്കുന്നു. ആദ്യമെല്ലാം ഇംഗ്ലീഷിലാണ് സന്ദേശങ്ങൾ കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ മലയാളത്തിലും ലഭിക്കുന്നുണ്ട്. സന്ദേശത്തിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാൽ കെഎസ്ഇബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിക്കും. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുന്നതാണ് രീതി.
കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ആവശ്യപ്പെടില്ല. ഇത് മനസിലാക്കി. ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കെഎസ്ഇബി അഭ്യർഥിച്ചു.