വരന്തരപ്പിള്ളി> പാലപ്പിള്ളി പാത്തിക്കിരിചിറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കുങ്കിയാനകളുമായി എത്തിയ സംഘത്തിലെ ആർആർടി അംഗത്തിന് പരിക്കേറ്റു. വയനാട് സ്വദേശി ഹുസൈൻ (35) നാണ് പരിക്കേറ്റത്. കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഹുസൈനെ തൃശൂരിൽ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചക്ക് മൂന്നരയോടെ ആയിരുന്നു സംഭവം. ഹുസൈനെ ചവിട്ടിയ കാട്ടാനയെ കാടു കയറ്റാൻ ആയിരുന്നു ഇന്ന് കുങ്കിയാനകളുടെ ശ്രമം. അതിനിടെ കാട്ടാന പെട്ടെന്ന് ആർ ആർ ടി സംഗത്തിന് നേരെ തിരിയുകയായിരുന്നു. ആർ ആർ ടി അംഗത്തിന് പരിക്കേറ്റതോടെ കുങ്കിയാനകളുടെ ഞായറാഴ്ചയിലെ ദൗത്യം നിർത്തി.
ചികിത്സയിൽ കഴിയുന്ന ഹുസൈനെ കെ കെ രാമചന്ദ്രൻ എം എൽ എ, ഡി എഫ് ഒ സംബുദ്ധ മജുംദാർ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ, വൈസ് പ്രസിഡന്റ് ടി ജി അശോകൻ, പാലപ്പിള്ളി ആർ എഫ് ഓ പ്രേം ഷമീർ എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു.