ന്യൂഡൽഹി
നായ്ക്കൾ കുരച്ചാലും ഒന്നും സംഭവിക്കില്ലെന്ന് കർഷകസമരത്തെ പരാമർശിച്ച് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന് കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോഴാണ് കേന്ദ്രമന്ത്രി കർഷകരെ നായ്ക്കളോട് ഉപമിച്ചത്. ലഖിംപുർ ഖേരിയിൽ 75 മണിക്കൂർ കർഷകർ ധർണ നടത്തിയതിനു പിന്നാലെയാണ് പ്രതികരണം.
കഴിഞ്ഞവർഷം ഉത്തർപ്രദേശ് ലഖിംപുർ ഖേരിയിൽ നാല് കർഷകരെയും മാധ്യമപ്രവർത്തകനെയും വണ്ടികയറ്റി കൊന്ന കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും സുപ്രീംകോടതി റദ്ദാക്കി.
‘നമ്മൾ ലഖ്നൗവിലേക്ക് പോകുകയാണെന്നിരിക്കട്ടെ. വാഹനം വേഗത്തിൽ സഞ്ചരിക്കുകയാണ്. റോഡിൽ പലയിടത്തും നായ്ക്കൾ കുരയ്ക്കും, ചിലപ്പോൾ വാഹനത്തിനു പിന്നാലെ ഓടും. അവരുടെ സ്വഭാവമാണത്. ഞാൻ അതേപ്പറ്റി കൂടുതൽ പറയുന്നില്ല. നിങ്ങളുടെ (ബിജെപി പ്രവർത്തകരുടെ) പിന്തുണയുണ്ടെങ്കിൽ ലോകത്തെ ഒരു ശക്തിക്കും എന്നെ തോൽപ്പിക്കാൻ കഴിയില്ല’. എന്നായിരുന്നു ലഖിംപുർഖേരിയിലെ ബിജെപി പ്രവർത്തകയോഗത്തിൽ മന്ത്രിയുടെ അധിക്ഷേപം. വിഡ്ഢികളായ മാധ്യമപ്രവർത്തകർ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും അജയ് മിശ്ര പറഞ്ഞു.
കർഷകനേതാവ് രാകേഷ് ടിക്കായത്തിനെയും മന്ത്രി ആക്ഷേപിച്ചു. ‘‘ രാകേഷ് ടിക്കായത്തിനെ എനിക്കറിയാം. കാൽക്കാശിനു വിലയില്ലാത്ത ആളാണ്. ഇത്തരം ആളുകളോട് പ്രതികരിക്കുന്നതിൽ കാര്യമില്ല’’–-മന്ത്രി പറഞ്ഞു. മകൻ ജയിലിലായതാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്ന് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.