തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ മലയാളവിഭാഗം പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ച ഡോ. ജോസഫ് സ്കറിയക്കെതിരെ പരാതി. ഓൺലൈൻ അപേക്ഷയിൽ ഇദ്ദേഹം മതിയായ യോഗ്യത കാണിച്ചിട്ടില്ലെന്നും അതിനാൽ ഇന്റർവ്യൂ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു അപേക്ഷകൻ ഡോ. സി ജെ ജോർജാണ് വൈസ് ചാൻസലർക്ക് പരാതി നൽകിയത്. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജോർജ് കക്ഷിചേർന്നിട്ടുമുണ്ട്. കണ്ണൂർ സർവകലാശാലാ നിയമനത്തിനെതിരെ കോടതിയെ സമീപിച്ച വ്യക്തിയാണ് ജോസഫ് സ്കറിയ.
കണ്ണൂർ സർവകലാശാലാ മലയാളം അസോസിയറ്റ് പ്രൊഫസർ റാങ്ക് പട്ടികയിലുൾപ്പെട്ട ജോസഫ് സ്കറിയ കലിക്കറ്റിൽ നൽകിയ അപേക്ഷയിൽ അപാകമുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. കലിക്കറ്റിൽ മലയാളവിഭാഗം പ്രൊഫസർ തസ്തികയിലെ അഭിമുഖത്തിൽ കോടതിയുടെ താൽക്കാലിക വിധിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം പങ്കെടുത്തത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.
പത്ത് ഗവേഷണ ജേണലുകൾ വേണമെന്നതാണ് തസ്തികയുടെ യോഗ്യത. ഓൺലൈനായി അപേക്ഷിച്ചപ്പോൾ ജോസഫ് സ്കറിയക്ക് ഒമ്പത് ജേണലേയുണ്ടായിരുന്നുള്ളൂ. ഹാർഡ് കോപ്പി നൽകിയപ്പോൾ പത്തെണ്ണമുണ്ടെന്ന് അവകാശപ്പെട്ടു. ഓൺലൈൻ അപേക്ഷ നൽകുമ്പോഴുള്ള യോഗ്യതയേ പരിഗണിക്കാവൂ എന്നാണ് നിയമം. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചാണ് ജോസഫ് സ്കറിയ അഭിമുഖത്തിൽ പങ്കെടുത്തത്.
റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നും വീണ്ടും ഇന്റർവ്യൂ നടത്തണമെന്നും സി ജെ ജോർജ് പരാതിയിൽ ആവശ്യപ്പെട്ടു.