തൃശൂർ
കേരളത്തെ നവകേരളത്തിലേക്ക് നയിക്കുന്നതിന് ഏറ്റവും കരുത്തായി മാറുക പ്രവാസികളായിരിക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. സാധാരണക്കാർക്ക് ഇന്ത്യയിൽ അവശേഷിക്കുന്ന ഏക പച്ചത്തുരുത്ത് കേരളം മാത്രമാണ്. അതിൽ പ്രവാസികളുടെ പങ്ക് എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി സംഘം ആറാം സംസ്ഥാന സമ്മേളനം എ സി ആനന്ദൻ നഗറിൽ (തൃശൂർ റീജണൽ തിയറ്റർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്.
കേരളത്തിന്റെ വികസനത്തിന് പൂർണമായും പ്രവാസികളെ ഉൾക്കൊള്ളിക്കാനുള്ള വലിയ കാഴ്ചപ്പാടാണ് ലോക കേരളസഭയിലൂടെ സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പ്രവാസത്തിനുനേരെയുള്ള വംശീയ ആക്രമണങ്ങൾ വ്യാപകമാകുന്ന കാലഘട്ടമാണിത്. കോവിഡ് കാലത്ത് കടുത്ത ദുരിതമാണ് പ്രവാസികൾ അനുഭവിച്ചത്. പ്രതിസന്ധിയിലും മലയാളികളായ പ്രവാസികൾക്ക് തണലായത് കേരള സർക്കാരാണ്. പ്രവാസികളെ സഹായിക്കുന്നതിന് ചെറുവിരലനക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. കോവിഡിനെത്തുടർന്ന് മോഡിസർക്കാർ പാക്കേജുകൾ നിരവധി പ്രഖ്യാപിച്ചെങ്കിലും പ്രവാസികളെ അവഗണിക്കുകയായിരുന്നു. അതേസമയം, അദാനിയും പൂനാവാലയും ഉൾപ്പെടെയുള്ള കോർപറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
പ്രതിസന്ധികളെ മറികടക്കാൻ കൈയും കെട്ടിയിരിക്കുകയായിരുന്നില്ല എൽഡിഎഫ് സർക്കാർ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇടപെട്ട് മസാലബോണ്ടിലൂടെ പണം ശേഖരിച്ചു. കിഫ്ബിയിലൂടെ പണം ശേഖരിച്ച് നവകേരള നിർമിതിക്ക് തുടക്കംകുറിച്ചു. വികസനക്കുതിപ്പിനുള്ള ഇത്തരം പ്രവർത്തനങ്ങൾ 2011ൽ ആരംഭിച്ചെങ്കിലും, അന്ന് എൽഡിഎഫിന് തുടർഭരണം ലഭിക്കാഞ്ഞതിനാൽ, വിലപ്പെട്ട അഞ്ചുവർഷമാണ് നഷ്ടമായത്.
സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി കേന്ദ്രസർക്കാരിനടക്കം മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ കേരളം നിർവഹിക്കുന്നത്. കേരളത്തിന്റെ വികസനത്തെ എങ്ങനെയെങ്കിലും തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫും ബിജെപിയും ഇഡിയുമൊക്കെയായി രംഗത്തുവന്നിട്ടുള്ളത്.
കിഫ്ബിയുടെ നടപടികളെക്കുറിച്ച് ഇഡിയുടെ അന്വേഷണത്തിനെതിരെ കോടതിയിൽ ചോദ്യം ചെയ്തപ്പോൾ വ്യക്തമായ മറുപടിപോലും നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് ആയില്ലെന്നും ഐസക് പറഞ്ഞു.