മല്ലപ്പള്ളി
മരണവീട്ടിൽ മൃതദേഹത്തിന് ചുറ്റുമിരുന്ന് ചിരിച്ച് ക്യാമറയ്ക്ക് പോസ് ചെയ്ത ചിത്രം സമൂഹമാധ്യമത്തിൽ ചർച്ചയായതോടെ വിശദീകരണംനൽകി കുടുംബം.
‘മരണവീട്ടിൽ കരച്ചിൽമാത്രം കണ്ടവരാണ് പരിഹസിക്കുന്നത്. ഒമ്പത് മക്കളുള്ള അമ്മച്ചി 95 വയസ്സുവരെ ജീവിച്ചു. മരിക്കുംമുമ്പ് എല്ലാവരുടെയും സ്നേഹവും കരുതലും ധാരാളം ലഭിച്ചു.
ബിഷപ്പും വൈദികരുമടങ്ങുന്ന കുടുംബമാണ്, ക്രിസ്തീയ പ്രത്യാശയോടെ പരേതരെ യാത്രയാക്കണം’–- വിമർശിക്കുന്നവരോട് പരാതിയില്ലെന്നും അടുത്തബന്ധു പറഞ്ഞു. മല്ലപ്പള്ളി പനവേലിൽ മറിയാമ്മ വർഗീസി(95)ന്റെ മൃതദേഹത്തിന് സമീപമിരുന്നാണ് ബന്ധുക്കൾ ചിത്രം എടുത്തത്. പരേതനായ വൈദികൻ പി ഒ വർഗീസിന്റെ ഭാര്യയാണ് മറിയാമ്മ.
ഈ ചിത്രത്തിന് നെഗറ്റീവ് കമന്റുകൾ അല്ല വേണ്ടതെന്ന് മന്ത്രി വി ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പ്രതികരിച്ചു. ‘ജീവിതത്തിലെ പരമമായ സത്യം മരണംതന്നെയാണ്. മരിച്ച ഒരു വ്യക്തിയെ കരഞ്ഞുകൊണ്ട് യാത്ര അയയ്ക്കുന്നതാണ് നാം സാധാരണ കാണാറുള്ളത്. സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരിയോടെ യാത്രയയപ്പ് നൽകുന്നതിനേക്കാൾ സന്തോഷകരമായി മറ്റെന്താണ് ഉള്ളത്?–- ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.