പാലക്കാട് > ഷാജഹാന് വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെടുത്തു. കേസില്‍ നിര്‍ണ്ണായക തെളിവുകളായ 4 മൊബൈല്‍ ഫോണുകളാണ് കണ്ടെടുത്തത്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മലമ്പുഴയിലും ആയുധം ഒളിപ്പിച്ച കുന്നേപ്പിള്ളിയിലുമെത്തിച്ചാണ് പ്രതികളെ തെളിവെടുപ്പ് നടത്തിയത്. ഇവിടെ ബിജെപി ബൂത്ത് ഭാരവാഹി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് തെളിവുകള്‍ ലഭിച്ചത്.
മലമ്പുഴയ്ക്കടുത്ത ചേമ്പനയില്‍ നിന്നാണ് ഫോണുകള്‍ കണ്ടെടുത്തത്. പാറപ്പൊത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍. കേസിൽ ഇന്നലെ നാലു പ്രതികൾ കൂടി അറസ്റ്റിലായിരുന്നു. കല്ലേപ്പുള്ളി സ്വദേശി എൻ സിദ്ധാർഥൻ (36), കുറുപ്പത്ത് ആവാസ് (ഡുഡു–30), മലമ്പുഴ ചേമ്പന അത്തിക്കുളമ്പ് ജിനേഷ് (വലുത് –32), കൊട്ടേക്കാട് കുന്നങ്കാട് ബിജു (27) എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ, മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) വിഷ്ണു (22), എസ്.സുനീഷ് (23), എൻ.ശിവരാജൻ (32), കെ.സതീഷ് (സജീഷ് – 31) എന്നിവർ അറസ്റ്റിലായിരുന്നു.