തിരുവനന്തപുരം
ഒരു അന്വേഷണത്തിന്റെയും പിൻബലമില്ലാതെ കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ആരോപണവുമായി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. വൈസ്ചാൻസലർ നിയമം ലംഘിച്ചു, സ്വജനപക്ഷപാതം നടത്തി, പാർടി കേഡറെപ്പോലെ പ്രവർത്തിച്ചു തുടങ്ങിയ പരാമർശങ്ങളാണ് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ഗവർണർ നടത്തുന്നത്. ‘അക്കദമീഷ്യൻ ’ എന്ന് പേരുള്ള ആളാണ് ഗോപിനാഥ് രവീന്ദ്രൻ.അദ്ദേഹം വിസി ആയശേഷമാണ് കണ്ണൂർ സർവകലാശാല ദേശീയ–-അന്തർദേശീയ ഏജൻസികളുടെ നിലവാരപ്പട്ടികയിൽ ഉയർന്ന സ്ഥാനത്തെത്തിയത്.
ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന നുണയും സിപിഐ എമ്മിനോട് രാഷ്ട്രീയമായുള്ള പകയും കൈമുതലാക്കിയാണ് ശനിയാഴ്ച ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ കണ്ണൂർ വിസിയെ പേരെടുത്ത് പറഞ്ഞ് ഗവർണർ അധിക്ഷേപിച്ചത്. വൈസ് ചാൻസലറെ കുറ്റപ്പെടുത്തണമെങ്കിൽ ഉന്നത തല സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഉണ്ടാകണം. എന്നാൽപോലും ചാൻസലറായ ഗവർണർക്ക് പരസ്യമായി അധിക്ഷേപിക്കാൻ അവകാശമില്ല. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് ഗവർണർ പറഞ്ഞതും ഏതെങ്കിലും സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലല്ല. എല്ലാ ബന്ധുക്കളുടെയും നിയമനം അന്വേഷിക്കുമെന്ന പ്രഖ്യാപനവും പൊയ്വെടി മാത്രമാണ്. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളായതുകൊണ്ട് എവിടെയും നിയമിക്കപ്പെടാൻ അവകാശമില്ലെന്ന ഗവർണറുടെ വാദവും നിയമപരമായി നിലനിൽക്കില്ല.
ഭരണഘടനാ ബാധ്യത മറന്നുള്ള കളി
മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തയും പരാതിക്കാരുടെ വാദവും ഏറ്റെടുത്ത് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തുന്ന കോലാഹലം ഭരണഘടനാബാധ്യത മറന്നുള്ളത്. കേന്ദ്രമേലാളന്മാരെ തൃപ്തിപ്പെടുത്താനാണീ കളികളെന്ന് പകൽപോലെ വ്യക്തമായിട്ടും അടങ്ങാൻ തയ്യാറല്ല. സംസ്ഥാന നിയമസഭ പാസാക്കിയ 11 സുപ്രധാന ഓർഡിനൻസിന് മുകളിലാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഗവർണർ അടയിരിക്കുന്നത്. അന്വേഷണമോ റിപ്പോർട്ടോ എന്തെങ്കിലും കണ്ടെത്തലോ ഇല്ലാതെ കണ്ണൂർ വൈസ് ചാൻസലറെ കുറ്റക്കാരനാക്കി പരസ്യവിചാരണ ചെയ്യുകയാണ്. റാങ്ക്പട്ടികയിൽ മുൻനിരയിൽ ഇടംനേടിയ അധ്യാപികയ്ക്ക് യോഗ്യതയില്ലെന്ന് പറയുന്നതിലെ ചട്ടലംഘനംപോലും ചാൻസലറായ ഗവർണർ തിരിച്ചറിയുന്നില്ല. ഒരു തരത്തിലും സഹകരിക്കാത്ത അവസ്ഥയിൽ വേണമെങ്കിൽ ഗവർണർക്കെതിരെ നിയമസഭയ്ക്ക് പ്രമേയം കൊണ്ടുവരാം. പൂഞ്ച് കമീഷൻ നൽകിയിട്ടുള്ള ശുപാർശതന്നെ കേന്ദ്രം ഏകപക്ഷീയമായി ഗവർണറെ നീക്കണ്ട, സംസ്ഥാന നിയമസഭകളുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നീക്കണം എന്നാണ്. ഭരണഘടനാപരമായ ബാധ്യത നിർവഹിക്കാത്ത സ്ഥിതി വന്നാൽ സംസ്ഥാന നിയമസഭയ്ക്ക് അത്തരത്തിൽ പ്രമേയം അവതരിപ്പിക്കാമെന്ന് മുൻ നിയമസഭാ സെക്രട്ടറി കൂടിയായ നിയമവിദഗ്ധൻ ഡോ. എൻ കെ ജയകുമാർ പറഞ്ഞു. ജനങ്ങളുടെ അടിന്തര ആവശ്യം കണ്ടുകൊണ്ടാണ് പല നിയമവും ഓർഡിനൻസും കൊണ്ടുവരുന്നത്. അവയെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനായി തടയുന്നത് ശരിയല്ല എന്നാണ് പൊതു വിലയിരുത്തൽ.