ബർമിങ്ഹാം
കോമൺവെൽത്ത് ഗെയിംസ് അത്-ലറ്റിക്സിൽ ഇന്ത്യയുടെ മികച്ച പ്രകടനം തുടരുന്നു. വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിയും പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്-ലെയും വെള്ളി നേടി. ഇതോടെ അത്-ലറ്റിക്സിൽ ഇന്ത്യക്ക് നാല് മെഡലുകളായി. ലോങ്ജമ്പിൽ എം ശ്രീശങ്കറും ഹെെജമ്പിൽ തേജസ്വിൻ ശങ്കറുമാണ് ഇന്ത്യയുടെ മറ്റ് മെഡൽ നേട്ടക്കാർ.
നടത്തത്തിൽ ചരിത്രനേട്ടമായിരുന്നു പ്രിയങ്കയ്ക്ക്. 43 മിനിറ്റ് 38.83 സെക്കൻഡിലായിരുന്നു ഉത്തർപ്രദേശുകാരി രണ്ടാമതെത്തിയത്. ഓസ്ട്രേലിയയുടെ ജെമീമ മൊണ്ടാഷിനാണ് സ്വർണം. മറ്റൊരു ഇന്ത്യൻ താരം ഭാവന ജാത് എട്ടാംസ്ഥാനത്താണ് പൂർത്തിയാക്കിയത്. സാബ്-ലെ എട്ട് മിനിറ്റ് 11.20 സെക്കൻഡിലാണ് വെള്ളി നേടിയത്. ദേശീയ റെക്കോഡ് പുതുക്കുകയും ചെയ്തു. കെനിയയുടെ അബ്രഹാം കിബിവോത് സ്വർണം നേടി.
ഹിമാദാസിന് 200 മീറ്ററിൽ ഫെെനലിൽ കടക്കാനായില്ല. അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് സമാപനമാകും. പുരുഷന്മാരുടെ ട്രിപ്പിൾജമ്പിൽ ഇന്ത്യക്ക് മൂന്ന് താരങ്ങളുണ്ട്. പകൽ 2.55നാണ് മത്സരം. വനിതകളുടെ ജാവലിൻത്രോ വൈകിട്ട് നാലിനാണ്. അന്നുറാണിയും ശിൽപ്പറാണിയുമുണ്ട്. 4 x 100 മീറ്റർ വനിതാ റിലേ ടീം മെഡലിനായി 5.25ന് ഇറങ്ങും. ഹീറ്റ്സിൽ ജമൈക്കയ്ക്കുപിന്നിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ദ്യുതിചന്ദ്, ഹിമാദാസ്, ശ്രാബണി നന്ദ, ജ്യോതി യാരാജി എന്നിവർ 44.45 സെക്കൻഡിൽ ഫിനിഷ് ചെയ്തു.