ബർമിങ്ഹാം
കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യ ഫെെനലിൽ. ദക്ഷിണാഫ്രിക്കയെ 3–2ന് തോൽപ്പിച്ചാണ് മുന്നേറ്റം. നാളെയാണ് ഫെെനൽ. മൻദീപ് സിങ്, അഭിഷേക്, ജുഗ്-രാജ് സിങ് എന്നിവർ ഗോൾ നേടി. ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ പ്രകടനവും നിർണായകമായി. വനിതാ ഹോക്കി സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് പൊരുതിത്തോറ്റു. ഷൂട്ടൗട്ടുവരെനീണ്ട പോരിൽ മൂന്ന് ഗോളിന് അടിയറവ് പറഞ്ഞു. ഇന്ന് വെങ്കലത്തിനായി ന്യൂസിലൻഡിനെ നേരിടും. ഉച്ചയ്ക്ക് 1.30നാണ് മത്സരം.
ഓസ്ട്രേലിയയെ നിശ്ചിതസമയം 1–-1ന് തളച്ചു. റെബേക്ക ഗ്രെയ്നെറിലൂടെ ഓസീസാണ് ലീഡെടുത്തത്. എന്നാൽ, വന്ദന കടാരിയ ഇന്ത്യക്ക് സമനില സമ്മാനിച്ചു. തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ ഓസീസിനായിരുന്നു ആദ്യ അവസരം. റോസി മലോൺ എടുത്ത സ്ട്രോക്ക് ഇന്ത്യൻ ക്യാപ്റ്റനും ഗോൾകീപ്പറുമായ സവിത പുണിയ തടഞ്ഞു. ഇന്ത്യക്കായി ലാൽറെംസിയാമി കിക്കെടുക്കാൻ തുടങ്ങവേ റഫറി ഇടപ്പെട്ടു. റോസിക്ക് വീണ്ടും അവസരം നൽകി. ആദ്യത്തേതിന് ടൈമർ പ്രവർത്തിപ്പിക്കാൻ മറന്നു എന്നായിരുന്നു വിശദീകരണം. വീണ്ടും എത്തിയ റോസിക്ക് ഇത്തവണ പിഴച്ചില്ല. ഇതോടെ ഇന്ത്യൻ താരങ്ങൾ മാനസികമായി തളർന്നു.