ബർമിങ്ഹാം
ഗോദയിൽ ഇന്ത്യയുടെ മെഡൽകൊയ്ത്ത്. കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ 12 മെഡൽ നേടി ഇന്ത്യ കരുത്തുകാട്ടി. പുരുഷൻമാരിൽ രവികുമാർ ദഹിയയും (57 കിലോ) നവീൻ കുമാറും (74 കിലോ) വനിതകളിൽ വിനേഷ് ഫോഗട്ടും (53 കിലോ) പൊന്നണിഞ്ഞു. മൂന്ന് വെങ്കലവുമുണ്ട്. വനിതകളിൽ പൂജ ഗെലോട്ടും (50 കിലോ) പൂജ സിഹാഗും (76 കിലോ) മൂന്നാമതെത്തി. പുരുഷൻമാരിൽ ദീപക് നെഹ്റയും (97 കിലോ) വെങ്കലമണിഞ്ഞു.
ഗെയിംസിൽ ആകെ 12 സ്വർണവും 11 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 37 മെഡലുമായി അഞ്ചാംസ്ഥാനത്താണ് ഇന്ത്യ. ഗുസ്തിയിൽ ഒന്നാമതുള്ള ഇന്ത്യക്ക് ആറ് സ്വർണവും ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ്.
സ്വർണപ്പോരിൽ നൈജീരിയയുടെ എബിക്വെനിമോ വെൽസണെ മലർത്തിയടിച്ചാണ് രവികുമാർ ചാമ്പ്യനായത്. ഒളിമ്പിക് വെള്ളി മെഡൽ ജേതാവിന്റെ ആദ്യ കോമൺവെൽത്ത് മെഡലാണിത്. ക്വാർട്ടറിൽ ന്യൂസിലൻഡിന്റെ സൂരജ് സിങ്ങിനെയും (10–-0) സെമിയിൽ പാകിസ്ഥാന്റെ അലി ആസാദിനെയും (14–-4) കീഴടക്കിയാണ് ഇരുപത്തിനാലുകാരൻ മുന്നേറിയത്.
നവീൻ പാകിസ്ഥാന്റെ മുഹമ്മദ് ഷരീഫ് താഹിറിനെ (9–-0) തോൽപ്പിച്ചു. നവീനിന്റെ കന്നി മെഡലാണിത്. വിനേഷ്, ശ്രീലങ്കയുടെ മധുരവല്ലഗെ ഡോണിനെ നിലംപരിശാക്കി (4–-0). ഇരുപത്തേഴുകാരിയുടെ തുടർച്ചയായ മൂന്നാംസ്വർണമാണിത്. ആറുതാരങ്ങൾമാത്രമായിരുന്നു 53 കിലോ വിഭാഗത്തിൽ. പരസ്പരം ഏറ്റുമുട്ടിയാണ് ചാമ്പ്യനെ നിർണയിച്ചത്. ആദ്യകളിയിൽ ക്യാനഡയുടെ സാമന്ത സ്റ്റ്യുവർട്ടിനെ (2–-0) മുപ്പത്താറ് സെക്കൻഡിൽ വീഴ്ത്തി തുടങ്ങിയ വിനേഷ്, നൈജീരിയയുടെ മേഴ്സി അദെകുറോയേയുടെ വെല്ലുവിളിയും അനായാസം മറികടന്നു (6–-0).
ക്യാനഡയുടെ മാഡിസൺ പാർക്സിനോട് സെമിയിൽ തോൽക്കുകയായിരുന്നു ഗെലോട്ട് (6–-9). വെങ്കലപ്പോരിൽ ഓസ്ട്രേലിയയുടെ നവോമി ഡി ബ്രയ്നെയാണ് സിഹാഗ് മറികടന്നത് (11–-0). ദീപക് പാകിസ്ഥാന്റെ തായാബ് റാസയെ വീഴ്ത്തി (10–-2).