കോഴിക്കോട്
അമ്മയുടെ മുലപ്പാൽ കിട്ടാതിരുന്ന അനേകം കുരുന്ന് ചുണ്ടിലേക്ക് ആ മധുരം ചുരന്ന് ഒരു ബാങ്ക്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച ആദ്യ മുലപ്പാൽ ബാങ്ക് സെപ്തംബറിൽ ഒന്നാം പിറന്നാളിലെത്തുന്നു. മുലപ്പാൽ ബാങ്കെന്ന് കേട്ടപ്പോൾ ആദ്യം നെറ്റിചുളിച്ചവർ വരെ പിന്നീട് ഈ കരുതലിന്റെ ഭാഗമായി. 1479 പിഞ്ചോമനകളാണ് ഇവിടെനിന്നും അമ്മമധുരം ആസ്വദിച്ചത്. ഇതേ ആശുപത്രിയിൽ പ്രസവംകഴിഞ്ഞ 1034 അമ്മമാരാണ് ബാങ്കിലേക്ക് മുലപ്പാൽ നൽകിയത്. 98,665 മില്ലി ലിറ്റർ പാൽ ഇതുവരെ ശേഖരിച്ചു. 92,200 മില്ലി ലിറ്റർ കുഞ്ഞുങ്ങൾക്ക് നൽകി. പാസ്ച്വറൈസ് ചെയ്താണ് സൂക്ഷിക്കുന്നത്. അണുവിമുക്തമാക്കാൻ കൾച്ചർ പരിശോധന നടത്തും. പ്രസവശേഷം പാൽ ഇല്ലാതായവർ, കുഞ്ഞുങ്ങൾക്ക് പാൽ വലിച്ച് കുടിക്കാനാവാത്ത സാഹചര്യം, വിഷാദവും മറ്റുംമൂലം അമ്മമാർക്ക് മുലയൂട്ടാനാവാത്ത അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിലാണ് ബാങ്ക് ആശ്രയമാവുക. കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുംവരെ ഈ സൗകര്യം ലഭിക്കും.
മെഡിക്കൽ കോളേജിൽനിന്ന് മറ്റ് ആശുപത്രികളിലേക്കും പാസ്ച്വറൈസ് ചെയ്ത പാൽ എത്തിക്കാൻ നടപടി ആരംഭിച്ചതായി എൻഎച്ച്എം ഡിപിഎം ഡോ. നവീൻ പറഞ്ഞു. പ്രാദേശിക തലത്തിലും മുലപ്പാൽ ശേഖരണകേന്ദ്രങ്ങൾ ഒരുക്കാനാണ് തീരുമാനം.