തിരുവനന്തപുരം
ആകാശത്തും റോഡിലും മുഖ്യമന്ത്രിയെ പിന്തുടർന്ന് യൂത്ത്കോൺഗ്രസുകാർ ആക്രമിക്കുന്ന സാഹചര്യത്തിലും സുരക്ഷാ സംവിധാനം വിവാദമാക്കി ചില മാധ്യമങ്ങൾ. അദ്ദേഹത്തിന് ഏർപ്പെടുത്തിയ അകമ്പടിവാഹനങ്ങൾ ഈ മാധ്യമങ്ങൾക്ക് ധൂർത്താണ്. അതേസമയം, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനും കോടികൾ വിലമതിക്കുന്ന കാറുകൾ വാങ്ങിക്കൂട്ടുന്നത് ഇവർ വാഴ്ത്തിപ്പാടുന്നു.
മുഖ്യമന്ത്രിയുടെ കാറിനു പുറമെ ഒരു പൈലറ്റ് വാഹനവും രണ്ട് എസ്കോർട്ട് കാറും സുരക്ഷാ ചുമതലയുള്ള പൊലീസുകാരുടെ ട്രാവലറും ഉൾപ്പെടുന്നതാണ് വാഹനവ്യൂഹം. ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും ഉള്ളപ്പോൾ ലോക്കൽ പൊലീസിന്റെ വാഹനങ്ങളും സഞ്ചരിക്കാറുണ്ട്. ഇതിനെ പർവതീകരിച്ചാണ് മാധ്യമങ്ങൾ ‘ധൂർത്തിന്റെ’ കഥ മെനയുന്നത്. ചാനലുകളിലെ അന്തിച്ചർച്ചയിലും മുഖ്യമന്ത്രിയുടെ വാഹനമാണ് ഇഷ്ടവിഷയം.
അതേസമയം, മുപ്പതോളം വാഹന അകമ്പടിയിൽ എട്ടരക്കോടി രൂപ വിലയുള്ള കാറിലെ പ്രധാനമന്ത്രിയുടെ യാത്രയിൽ മാധ്യമങ്ങൾ ധൂർത്ത് കാണുന്നില്ല. നിരവധി ബിഎംഡബ്ല്യു, റേഞ്ച് റോവർ, ടൊയോട്ട കാറുകളാണ് പ്രധാനമന്ത്രിക്ക് അകമ്പടി. നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയവരാണ് വാഹനമോടിക്കുന്നത്.
സുരക്ഷാ വിഭാഗത്തിനു പുറമെ പ്രൈവറ്റ് സെക്രട്ടറി, ഉദ്യോഗസ്ഥ സംഘം, മാധ്യമസംഘം, മെഡിക്കൽ സംഘത്തിന്റെ മെഴ്സിഡസ് ബെൻസ് ആംബുലൻസ് എന്നിവയും കൂടെയുണ്ടാകും. അതിസുരക്ഷയുള്ള ബിഎംഡബ്ല്യു സെവൻ സീരീസ് വാഹനമാണ് ഔദ്യോഗികമായി അനുവദിച്ചിരിക്കുന്നത്. റേഞ്ച്റോവർ, ടൊയോട്ട, ലാൻഡ് ക്രൂയിസർ തുടങ്ങിയ എസ്യുവികളും മോദിക്കായി വാങ്ങിക്കൂട്ടി.