തിരുവനന്തപുരം
നിക്ഷേപം സ്വീകരിക്കുന്നതും വായ്പ നൽകുന്നതും കർശനമായി തടയുന്ന റിസർവ് ബാങ്കിന്റെ ‘സാഫ്’ (സൂപ്പർവൈസറി ആക്ഷൻ ഫ്രെയിം വർക്ക്) നിയന്ത്രണം കൂടുതൽ അർബൻ ബാങ്കുകളിലേക്ക്. തൃപ്പൂണിത്തുറ, മൂവാറ്റുപുഴയടക്കം പല ബാങ്കുകളും സാഫിന്റെ പരിധിയിലേക്ക് നേരത്തെ മാറ്റിയിരുന്നു. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കുമേലുള്ള നിയന്ത്രണങ്ങൾ സഹകരണമേഖലയിലും നടപ്പാക്കി കഴുത്ത് ഞെരിക്കുകയാണ് കേന്ദ്രസർക്കാർ.
നിഷ്ക്രിയ ആസ്തി ആറുശതമാനത്തിൽ കൂടിയാൽ സാഫ് പരിധിയിലേക്ക് മാറ്റുന്നു. കാപ്പിറ്റൽ ടു റിസ്ക് വെയിറ്റഡ് അസറ്റ് റേഷ്യോ ( ക്രാർ ) നിയമവും അർബൻ ബാങ്കുകളെ തകർക്കുന്നതാണ്. ഡിവിഡന്റ് പ്രഖ്യാപനം, സംഭാവന എന്നിവയ്ക്കും നിയന്ത്രണമുണ്ട്. നല്ല നിലയിലുള്ള ബാങ്കുകളെ ഇത്തരം നിബന്ധനകളിലൂടെ വരിഞ്ഞുമുറുക്കി മറ്റേതെങ്കിലും ബാങ്കുമായി ലയിപ്പിക്കാനോ ക്രെഡിറ്റ് സൊസൈറ്റിയായി തരംതാഴ്ത്താനോ റിസർവ് ബാങ്കിന് കഴിയും.
നിക്ഷേപകർക്ക് പ്രശ്നങ്ങൾ ഉണ്ടാകില്ലെങ്കിലും ബാങ്കിന്റെ വളർച്ചയെ ഇവ സാരമായി ബാധിക്കും. ബാങ്കിന്റെ നിർമാണപ്രവർത്തനങ്ങൾക്കും വിലക്കുണ്ട്. പ്രതിവർഷം അമ്പതിനായിരം രൂപയുടെ പ്രവൃത്തി മാത്രമാണ് അനുവദിക്കുന്നത്. തകർന്ന കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻപോലും കഴിയില്ല. ചില സംസ്ഥാനത്തിലെ പ്രശ്നബാധിത ബാങ്കുകളെ ചൂണ്ടിക്കാട്ടിയാണ് എല്ലാ അർബൻ ബാങ്കും കുഴപ്പത്തിലാണെന്ന് പ്രചരിപ്പിക്കുന്നത്. ഭരണത്തിൽ നേരിട്ട് ഇടപെട്ട് നിയന്ത്രിക്കുക വഴി ബാങ്കുകളുടെ ലയനവും സ്വകാര്യവൽക്കരണവുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.