ന്യൂഡൽഹി
പത്രചൗൾ ഭൂമി കുംഭകോണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് അറസ്റ്റിലായ ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്തിനെ ആഗസ്ത് നാലുവരെ ഇഡി കസ്റ്റഡിയിൽവിട്ട് മുംബൈ പ്രത്യേക കോടതി. വീട്ടിൽനിന്നുള്ള ഭക്ഷണവും ചോദ്യം ചെയ്യലിൽ അഭിഭാഷക സാന്നിധ്യവും ജഡ്ജി എം ജി ദേശ്പാണ്ഡെ അനുവദിച്ചു.
പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും റാവത്തിനും കുടുംബത്തിനും അഴിമതിപ്പണം ലഭിച്ചിട്ടുണ്ടെന്നും ഇഡി വാദിച്ചു. 83 ലക്ഷം രൂപ ലഭിച്ചിരുന്നതായാണ് മുമ്പ് ഇഡി വ്യക്തമാക്കിയിരുന്നത്. എന്നാൽ 1.06 കോടി രൂപ ലഭിച്ചെന്നാണ് തിങ്കളാഴ്ചത്തെ വിശദീകരണം. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സഞ്ജയ് റാവത്തിന്റെ അഭിഭാഷകൻ വാദിച്ചു.
ഇതിനിടെ, തിങ്കൾ രാവിലെ റാവത്തിന്റെ വീട്ടിലെത്തി അമ്മയടക്കമുള്ള കുടുംബാംഗങ്ങളെ ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ സന്ദർശിച്ചു. അറസ്റ്റിന് പിന്നിൽ ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ ഗൂഢാലോചനയാണെന്ന് ഉദ്ദവ് ആരോപിച്ചു. റാവത്തിനെക്കുറിച്ച് തനിക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് കോടതിയിൽനിന്ന് ഇറങ്ങവെ സഞ്ജയ് റാവത്ത് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ന്യായീകരിച്ചു. ഞായർ അർധരാത്രിയാണ് റാവത്തിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ തിങ്കളാഴ്ച പാർലമെന്റിൽ ശിവസേനാ എംപി പ്രിയങ്ക ചതുർവേദി നോട്ടീസ് നൽകി. കോൺഗ്രസ് പിന്തുണച്ചു.