തൃശൂർ > പിണറായി വിജയന്റേതുപോലൊരു സർക്കാർ തമിഴ്നാട്ടിലും വേണമെന്ന് ജനം ആഗ്രഹിച്ചതുകൊണ്ടാണ് ഡിഎംകെയ്ക്ക് അധികാരം കിട്ടിയതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. യുഡിഎഫ് അനുകൂല സ്വകാര്യചാനൽ തൃശൂരിൽ സംഘടിപ്പിച്ച കോൺക്ലേവിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിൽ പിണറായി വിജയന് ഒരുപാട് ആരാധകരുണ്ട്. പിണറായി ആദ്യമായി അധികാരത്തിൽ വരുമ്പോൾ തമിഴ്നാട്ടിൽ മറ്റൊരു പാർടിയാണ് ഭരിച്ചിരുന്നത്. കേരള മുഖ്യമന്ത്രിയെപ്പോലൊരാൾ നമുക്ക് ഇല്ലല്ലോയെന്നാണ് തമിഴ് മക്കൾ വിഷമത്തോടെ പറഞ്ഞിരുന്നത്. അതെല്ലാം മാധ്യമങ്ങൾ വാർത്തയുമാക്കിയിരുന്നു. ഈ സമയത്ത് നടന്ന തെരഞ്ഞെടുപ്പിലാണ് താൻ അധികാരത്തിലെത്തിയത്. പിണറായിയെ മാതൃകയാക്കിയാണ് ഭരണം ആരംഭിച്ചത്. കോവിഡ്കാലത്ത് കേരളത്തെ കണ്ടുപഠിച്ചാണ് തമിഴ്നാട് രോഗകാലത്തെ നേരിട്ടത്. അതിൽ ഇപ്പോൾ അഭിമാനിക്കുന്നു.
നാനത്വത്തിൽ ഏകത്വമെന്നതാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. സമത്വത്തെയും സാഹോദര്യത്തേയും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ നാം അകറ്റി നിർത്തണമെന്നും സ്റ്റാലിൻ പറഞ്ഞു. അയലത്തെ അത്ഭുതം എന്ന പേരിൽ തമിഴ്നാടിനെ ഉയർത്തിക്കാട്ടി ലേഖനം പ്രസിദ്ധീകരിച്ച് കേരളത്തെ ഇകഴ്ത്താൻ ശ്രമിച്ച പത്രത്തിന്റെ ചാനലിലാണ് സ്റ്റാലിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.