കൊച്ചി > മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് കൊടും ക്രിമിനലെന്ന് പൊലീസ്. പോക്സോയടക്കം ഇരുപതോളം കേസാണ് കോതമംഗലം ചേലാട് പനന്താനത്ത് സോണി ജോർജിനെതിരെ (സോണി പനന്താനം–-25) വിവിധ സ്റ്റേഷനിലുള്ളത്. ക്രിമിനൽ സ്വഭാവം ഉള്ളതുകൊണ്ടാണ് ഇയാളെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് നേതാക്കൾ നിയോഗിച്ചതെന്ന് കരുതുന്നു.
ഇതുസംബന്ധിച്ച ഗൂഢാലോചനയും പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരം നഗരൂർ പൊലീസ് സ്റ്റേഷനിലാണ് പോക്സോ കേസ്. കിളിമാനൂരിൽ നിന്ന് സുഹൃത്തായ അൽനാഫി എന്ന യുവാവ് പ്രണയംനടിച്ച് തട്ടിക്കൊണ്ട് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ അവസരമൊരുക്കിയെന്നാണ് കേസ്. പെൺകുട്ടിയുടെ സ്വർണമടക്കം തട്ടിപ്പറിച്ച് വിൽക്കുകയും ചെയ്തു. എറണാകുളം ജില്ലയിൽ ഇരുപത് കേസിൽ പ്രതിയാണ്.
സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് 2020 സെപ്തംബർ 17ന് എൻഐഎ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തത് സോണിയാണ്. അറസ്റ്റ് ചെയ്ത് ജീപ്പിൽ ഇരുത്തിയപ്പോൾ കൈമുട്ടുകൊണ്ടാണ് ചില്ല് ഇടിച്ചുതകർത്തത്. ഇതിനുപുറമേ യൂത്ത് കോൺഗ്രസ്–-കോൺഗ്രസ് അക്രമസമരങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. 2019 മുതൽ 2022 വരെ എറണാകുളം സെൻട്രൽ, നോർത്ത് പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകളേറെയും. മൂന്ന് കേസിൽ കോടതി ജാമ്യമില്ലാ വാറന്റുണ്ട്.
വെള്ളി ഉച്ചയോടെ മുഖ്യമന്ത്രി കാക്കനാട് എറണാകുളം ഗവ. പ്രസ് സിടിപി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലിടിച്ച് തകർക്കാനും അദ്ദേഹത്തെ ആക്രമിക്കാനും ശ്രമിച്ചത്. സോണിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.