തിരുവനന്തപുരം > എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ പട്ടികജാതി ഫണ്ട് തട്ടിയ കേസിൽ പട്ടികജാതി വികസന ഡയറക്ടറായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥനുൾപ്പെടെ അഞ്ച് പേർക്ക് രണ്ടുവർഷം തടവ്. പട്ടികജാതി വികസന ഡയറക്ടർ ആയിരുന്ന എ ജെ രാജൻ, ഫിനാൻസ് ഓഫീസർ എൻ ശ്രീകുമാർ, തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസറായിരുന്ന സത്യദേവൻ, വർക്കല പട്ടികജാതി വികസന ഓഫീസറായിരുന്ന സി സുരേന്ദ്രൻ, കംപ്യൂട്ടർ സ്ഥാപന ഉടമ സുകുമാരൻ എന്നിവരെയാണ് വിജിലൻസ് സ്പെഷ്യൽ ജഡ്ജ് പി ഗോപകുമാർ ശിക്ഷിച്ചത്.
ആദ്യ നാല് പ്രതികളും 1,10,000 രൂപ വീതവും കംപ്യൂട്ടർ സ്ഥാപന ഉടമ 90,000 രൂപയും പിഴ അടയ്ക്കണം. പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിലവസരം ലഭ്യമാക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി പട്ടികജാതി വികസന ഡയറക്ടറേറ്റ് വഴി 2002–-2003ൽ നടപ്പാക്കിയ പദ്ധതിയിലായിരുന്നു തട്ടിപ്പ്. കുട്ടികളുടെ പഠനത്തിന് സർക്കാർ അംഗീകാരമില്ലാത്ത വർക്കലയിലെ സ്ഥാപനത്തെയാണ് തെരഞ്ഞെടുത്തത്. ഇവിടെ പഠിച്ച കുട്ടികൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചില്ല. കംപ്യൂട്ടർ ഫീസിനത്തിൽ 2,32,000 രൂപ സർക്കാരിന് നഷ്ടമുണ്ടായെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.