മട്ടാഞ്ചേരി > മീൻപിടിത്തയാനങ്ങളുടെ കാലപരിധി നീട്ടിനൽകാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് ബോട്ടുടമകൾ. ട്രോളിങ് നിരോധനത്തിനുശേഷം അറ്റകുറ്റപ്പണി നടത്തി മീൻപിടിത്തത്തിന് പോകാൻ തയ്യാറെടുക്കുന്ന ബോട്ടുടമകൾക്ക് ആശ്വാസകരമാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ 1200 യാനങ്ങൾക്കും മത്സ്യ–-അനുബന്ധ തൊഴിലാളികൾക്കും തീരുമാനം ഗുണകരമാകും.
സർക്കാർ ഉത്തരവുപ്രകാരം കാലപരിധികഴിഞ്ഞ മീൻപിടിത്തയാനങ്ങൾക്ക് മൂന്ന് വർഷത്തേക്കുകൂടി നീട്ടിനൽകും. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ സിഫ്റ്റ്, സിഫ്നെറ്റ്, മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ്, തീരരക്ഷാസേന എന്നിവയടങ്ങിയ സാങ്കേതിക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഫിഷറീസ് വകുപ്പ് കാലപരിധി നിശ്ചയിച്ച് വിജ്ഞാപനം 2020-ൽ ഇറക്കിയത്. ഇതുപ്രകാരം വീൽഹൗസ് ഉള്ള മരബോട്ടുകൾക്ക് 12 വർഷം, വീൽഹൗസ് ഇല്ലാത്ത മരബോട്ടുകൾക്ക് എട്ടുവർഷം, ഇരുമ്പുബോട്ടുകൾക്ക് 15 വർഷവുമാണ് കാലപരിധി.
ഇതിൽ ഭേദഗതി വരുത്തി, മൂന്നുവർഷംകൂടി നീട്ടിനൽകാനാണ് സർക്കാരിന്റെ പുതിയ തീരുമാനം.
മീൻപിടിത്തയാനങ്ങൾ എല്ലാവർഷവും അറ്റകുറ്റപ്പണി നടത്തിയാണ് ഉപയോഗിക്കുന്നതെന്നും ഇതിനാൽ നിശ്ചിത കാലത്തേക്കുകൂടി കാലപരിധി നീട്ടണമെന്ന മത്സ്യമേഖലയിലെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരക്കൽ പറഞ്ഞു.