കൊച്ചി > എംഡിഎംഎയും കഞ്ചാവുമായി മൂന്ന് ലക്ഷദ്വീപുകാരും ഒരു യുവതിയും ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. ലക്ഷദ്വീപുകാരായ മുഹമ്മദ് താഹിർ ഹുസൈൻ (24), നവാൽ റഹ്മാൻ (23), സി പി സിറാജ് (24), തൃശൂർ സ്വദേശി അൽത്താഫ് (24), ചേർത്തല സ്വദേശിനി സോന സെബാസ്റ്റ്യൻ (23) എന്നിവരെയാണ് നർകോട്ടിക് സെൽ പൊലീസ് അസിസ്റ്റന്റ് കമീഷണറുടെ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്.
കൊച്ചി സിറ്റി ഡാൻസാഫും എളമക്കര പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 0.34 ഗ്രാം എംഡിഎംഎയും 155 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലക്ഷദ്വീപിലേക്ക് കടത്തുകയായിരുന്ന 190 ഗ്രാം കഞ്ചാവുമായി അക്ബർ എന്നയാളെ കഴിഞ്ഞദിവസം സിഐഎസ്എഫ് പിടികൂടി ഹാർബർ പൊലീസിന് കൈമാറിയിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കറുകപ്പിള്ളി ലോഡ്ജിൽ താമസിച്ച പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. നർകോട്ടിക് സെൽ പൊലീസ് അസിസ്റ്റന്റ് കമീഷണർ കെ എ അബ്ദുൽസലാം, എളമക്കര എസ്ഐ എയിൻ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.