ചെന്നൈ
ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്ക് ആദ്യ റൗണ്ടിൽ ഏകപക്ഷീയ വിജയം. എല്ലാ താരങ്ങളും അനായാസ ജയം നേടി. ഇന്ത്യക്ക് ഓപ്പൺ വിഭാഗത്തിലും വനിതകളിലും മൂന്ന് ടീമുകൾവീതമാണുള്ളത്. ഓരോ റൗണ്ടിലും നാലുകളിക്കാർ എതിർ ടീമിലെ നാലുകളിക്കാരുമായി ഏറ്റുമുട്ടുന്നതാണ് മത്സരരീതി. അതുപ്രകാരം ഇന്ത്യയുടെ ആറ് ടീമുകളും ആദ്യ റൗണ്ടിലെ നാലുകളിയും ജയിച്ചു.
ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ എ ടീം സിംബാബ്വേയെയാണ് തോൽപ്പിച്ചത്. മലയാളിതാരം എസ് എൽ നാരായണൻ, മുഷോൻ എമറാഡിനെ 33 നീക്കത്തിൽ കീഴടക്കി. കെ ശശികിരൺ, വിദിത് ഗുജറാത്തി, അർജുൻ എറിഗെയ്സി എന്നിവരും അനായാസ ജയം നേടി. മലയാളിതാരം നിഹാൽ സരിൻ ഉൾപ്പെട്ട ബി ടീം യുഎഇയെ തോൽപ്പിച്ചു. സുൽത്താൻ ഇബ്രാഹിമിനെയാണ് നിഹാൽ പരാജയപ്പെടുത്തിയത്. ഡി ഗുകേഷ്, ബി അധിപൻ, റോണക് സാധ്വനി എന്നിവരും മുന്നേറി.
ഇന്ത്യ സി ടീം സൗത്ത് സുഡാനെ തറപറ്റിച്ചു. എസ് പി സേതുരാമൻ, കാർത്തികേയൻ മുരളി, അഭിജിത് ഗുപ്ത, അഭിമന്യു പുരാണിക് എന്നിവരാണ് ടീം. നാലുപേരും എതിരാളികളുടെമേൽ ആധിപത്യം നേടി. വനിതകളിൽ ഇന്ത്യ എ ടീം തജികിസ്ഥാനെ നാലുകളിയിലും തോൽപ്പിച്ചു. കൊണേരു ഹമ്പി, നാദി സിദയെ 41 നീക്കത്തിൽ കീഴടക്കി. ആർ വൈശാലി, താനിയ സച്ദേവ്, ഭക്തി കുൽക്കർണി എന്നിവരും എതിരാളികളെ വീഴ്ത്തി.
ബി ടീമിലെ വന്തിക അഗർവാൾ, മേരി ആൻ ഗോമസ്, സൗമ്യ സ്വാമിനാഥൻ, ദിവ്യ ദേശ്മുഖ് എന്നിവർ ജയിച്ചു. സി ടീമിലെ എം വർഷിണി സാഹിതി, പ്രത്യുഷ ബോഡ, പി വി നന്ദിത, വിശ്വ വസ്നവാല എന്നിവരും ജയിച്ചുകയറി. ഇന്ന് രണ്ടാംറൗണ്ട് മത്സരം നടക്കും. ആകെ 11 റൗണ്ടാണ്. ആഗസ്ത് പത്തിനാണ് സമാപനം.