ജയം തുലച്ചു
കോമൺവെൽത്ത് ഗെയിംസ് അരങ്ങേറ്റത്തിൽ ഇന്ത്യൻ വനിതകൾ നിരാശപ്പെടുത്തി. ക്രിക്കറ്റിൽ ഓസ്ട്രേലിയയോട് ജയം തുലയ്ക്കുകയായിരുന്നു. ഒരുഘട്ടത്തിൽ ജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യ അവസാന ഓവറുകളിൽ കളി കെെവിട്ടു. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസ് ജയം.
സ്കോർ: ഇന്ത്യ 8–154, ഓസീസ് 7–157 (19)
ഇന്ത്യയുടെ 155 റൺലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഓസീസ് ഒരുഘട്ടത്തിൽ 5–49 എന്ന റണ്ണെന്ന നിലയിലായിരുന്നു. എന്നാൽ, 35 പന്തിൽ 52 റണ്ണുമായി പുറത്താകാതെനിന്ന ആഷ്-ലെ ഗാർഡ്നെർ ഇന്ത്യൻപ്രതീക്ഷകൾ തല്ലിത്തകർത്തു. 20 പന്തിൽ 37 റണ്ണെടുത്ത ഗ്രേസ് ഹാരിസും തിളങ്ങി. രേണുക സിങ്ങിന്റെ മിന്നുന്ന ബൗളിങ് പ്രകടനത്തിലൂടെ ഇന്ത്യ ഒന്നാന്തരം തുടക്കം കുറിച്ചതാണ്. വമ്പൻ ബാറ്റർമാരായ അലീസ ഹീലി (0), ബെത് മൂണി (10), ക്യാപ്റ്റൻ മെഗ് ലാന്നിങ് (8), താഹില മഗ്രാത്ത് (14) എന്നിവരെയാണ് രേണുക പുറത്താക്കിയത്. നാലോവറിൽ 18 റൺമാത്രം വിട്ടുകൊടുത്തായിരുന്നു നാല് വിക്കറ്റ് നേട്ടം. എന്നാൽ, മറ്റ് ബൗളർമാർ നിരാശപ്പെടുത്തി. രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമമാത്രം പിന്തുണ നൽകി.
അവസാന മൂന്നോവറിൽ 38 റണ്ണാണ് ഇന്ത്യൻ ബൗളർമാർ വിട്ടുകൊടുത്തത്. ഗാർഡ്നെറാണ് ശിക്ഷിച്ചത്. ഒമ്പത് ഫോറുകളായിരുന്നു ആ ഇന്നിങ്സിൽ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34 പന്തിൽ 52) തിളങ്ങി. ഒരു സിക്സറും എട്ട് ഫോറും പായിച്ചു. ഓപ്പണർമാരായ ഷെഫാലി വർമയും (33 പന്തിൽ 48) സ്മൃതി മന്ദാനയും (17 പന്തിൽ 24) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, മധ്യ ഓവറുകളിൽ റൺനിരക്ക് ഇടിഞ്ഞു. നാല് വിക്കറ്റെടുത്ത ജെസ് ജൊനാസെനാണ് ഓസീസിനായി മികച്ചുനിന്നത്. നാളെ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇടിക്കൂട്ടിൽ ഥാപ്പ
ഇടിക്കൂട്ടിൽ ശിവ ഥാപ്പയിലൂടെ ഇന്ത്യ തുടങ്ങി. പാകിസ്ഥാന്റെ സുലൈമാൻ ബലോച്ചിനെ വീഴ്ത്തി പ്രീ ക്വാർട്ടറിൽ കടന്നു (5–-0). -63.5 കിലോ വിഭാഗത്തിലാണ് ഇരുപത്തെട്ടുകാരന്റെ മുന്നേറ്റം. എതിരാളിക്ക് ഒരവസരവും നൽകാതെയാണ് ഥാപ്പയുടെ ജയം. മൂന്ന് റൗണ്ടിലും ആധിപത്യം നേടി. ഉയരക്കൂടുതലുള്ള സുലൈമാനെതിരെ സാങ്കേതിക മികവിലൂടെയാണ് മുൻ ഏഷ്യൻ ചാമ്പ്യനായ ഥാപ്പ മുന്നേറിയത്. പ്രീ ക്വാർട്ടറിൽ ഇന്ന് സ്കോട്ലൻഡിന്റെ റീസെ ലിഞ്ചിനെ നേരിടും. ലോക വെങ്കല മെഡൽ ജേതാവാണ് ഇരുപത്തൊന്നുകാരൻ. വൈകിട്ട് 5.15നാണ് മത്സരം. ഇന്ന് 57 കിലോ വിഭാഗത്തിൽ മുഹമ്മദ് ഹുസാമുദീൻ ഇന്ത്യക്കായി ഇറങ്ങും. ഥാപ്പയെക്കൂടാതെ അമിത് പംഗൽ, സംഗീത് എന്നിവരിലും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്.
വനിതാ ഹോക്കി : ഘാനയെ തകർത്ത് ഇന്ത്യ
വനിതാ ഹോക്കിയിൽ ഉജ്വലമായി അരങ്ങേറി ഇന്ത്യ. ഘാനയെ അഞ്ച് ഗോളിന് മുക്കി. ഇരട്ടഗോൾ നേടി ഗുർജിത് കൗർ മിന്നി. സംഗീത കുമാരി, സലീമ ടെറ്റെ, നേഹ എന്നിവരും ലക്ഷ്യം കണ്ടു. ഇന്ന് വെയ്ൽസുമായാണ് രണ്ടാംമത്സരം. ഗ്രൂപ്പ് എയിൽ ക്യാനഡയും ഇംഗ്ലണ്ടുമാണ് മറ്റ് ടീമുകൾ.
ലോകറാങ്കിങ്ങിൽ 36–-ാംസ്ഥാനക്കാരായ ഘാനയോട് ഒരു ദാക്ഷിണ്യവും കാട്ടിയില്ല ആറാംറാങ്കുകാരായ ഇന്ത്യ. ശാരീരികക്ഷമതയിൽ പക്ഷേ ഘാനയ്ക്കായിരുന്നു മുൻതൂക്കം. ഇതിൽ ആദ്യമൊന്ന് പതറിയെങ്കിലും പിന്നീട് അനായാസം കളിച്ചു സവിത പൂണിയയും കൂട്ടരും.
പുരുഷൻമാർ നാളെ ആദ്യമത്സരത്തിൽ ഘാനയെ നേരിടും.
സ്വർണപ്രതീക്ഷയിൽ ചാനു
മീരഭായ് ചാനുവിലൂടെ മേളയിൽ ആദ്യസ്വർണം പ്രതീക്ഷിച്ച് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ രാത്രി എട്ടിനാണ് ചാനു ഇറങ്ങുക. നിലവിലെ ഒളിമ്പിക് വെള്ളി മെഡൽ ജേതാവാണ്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോ വിഭാഗത്തിൽ സ്വർണം നേടി.
ബാഡ്മിന്റണിൽ
മിന്നുംജയം
ബാഡ്മിന്റൺ ടീം ഇനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. പാകിസ്ഥാനെ 5–0നാണ് പി വി സിന്ധുവും കൂട്ടരും തകർത്തുവിട്ടത്.
സിംഗിൾസിൽ സിന്ധു മഹൂർ ഷഹ്സാദിനെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തി. കിഡംബി ശ്രീകാന്ത് മുറാദ് അലിയെയും തോൽപ്പിച്ചു. ഡബിൾസിലും അനായാസമായിരുന്നു ഇന്ത്യയുടെ ജയം. ഇന്ന് രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ നേരിടും. ഓസ്ട്രേലിയയുമായും കളിയുണ്ട്.
സജന്
നിരാശ
നീന്തൽക്കുളത്തിൽ ആദ്യദിനം ഇന്ത്യക്ക് നിരാശ. മലയാളിതാരം സജൻ പ്രകാശ് പുരുഷവിഭാഗം 50 മീറ്റർ ബട്ടർഫ്ലൈയിൽ പുറത്ത്. ഹീറ്റ്സിൽ 25.01 സെക്കൻഡിൽ എട്ടാംസ്ഥാനത്തായി.ആകെ 54 പേരിൽ ഇരുപത്തിനാലാമതായി അവസാനിപ്പിച്ചു. ഇനി 200 മീറ്ററിലും 100 മീറ്ററിലും സജന് മത്സരമുണ്ട്. 400 മീറ്റർ ഫ്രീസ്റ്റൈലിൽ കുശാഗ്ര റാവത്തും പുറത്തായി. 100 മീറ്റർ ബാക്സ്ട്രോക് ഹീറ്റ്സിൽ മൂന്നാമതെത്തി, ശ്രീഹരി നടരാജ് സെമിയിൽ കടന്നതാണ് ഏക ആശ്വാസം. ഇന്നാണ് സെമി. ടേബിൾ ടെന്നീസ് ടീം വിഭാഗത്തിൽ പുരുഷന്മാരും വനിതകളും ജയംനേടി. സൈക്ലിങ്, ട്രയാത്ലൺ, ലോൺ ബൗൾസ് വിഭാഗങ്ങളിൽ എല്ലാവരും പുറത്തായി.
ഇന്ത്യ @ ബർമിങ്ഹാം
ക്രിക്കറ്റ് : ഓസ്ട്രേലിയയോട് മൂന്ന് വിക്കറ്റിന് തോറ്റു.
ലോൺ ബൗൾസ്: ന്യൂസിലൻഡിനോട് 6–23ന് തോറ്റു.
ടേബിൾ ടെന്നീസ്: വനിതകൾ –- ദക്ഷിണാഫ്രിക്കയെ 3–0ന് തോൽപ്പിച്ചു; പുരുഷന്മാർ –- ബാർബഡോസിനെ 3–0ന് തോൽപ്പിച്ചു.
സെെക്ലിങ്: ആറാംസ്ഥാനം
നീന്തൽ: സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈയിൽ പുറത്ത്; 100 മീറ്റർ ബാക്സ്ട്രോക്കിൽ ശ്രീഹരി നടരാജ് സെമിയിൽ.
ബോക്സിങ്: പുരുഷവിഭാഗം
63 കിലോയിൽ ശിവ ഥാപ്പ പ്രീ ക്വാർട്ടറിൽ.
ബാഡ്മിന്റൺ: ടീം ഇനത്തിൽ ആദ്യകളിയിൽ പാകിസ്ഥാനെ തോൽപ്പിച്ചു.
വനിതാ ഹോക്കി: ഘാനയെ
5–0ന് തോൽപ്പിച്ചു.
ആദ്യ
സ്വർണം അലക്സിന്
കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണം ഇംഗ്ലണ്ടിന്റെ അലക്സ് യീ നേടി. പുരുഷ ട്രയാത്-ലണിലാണ് നേട്ടം. 50 മിനിറ്റ് 34 സെക്കൻഡിലാണ് നേട്ടം. അഞ്ചിനങ്ങൾ ഉൾപ്പെട്ടതാണ് ട്രയാത്-ലൺ.
പുരുഷ മാരത്തൺ :
നിരേന്ദർ റാവത്ത്– -രാത്രി 11.30
നീന്തൽ: കുശാഗ്ര റാവത്ത്–-200 മീറ്റർ ഫ്രീ
സ്–റ്റെെൽ–- പകൽ 3.06
ശ്രീഹരി നടരാജ്–- 100 മീറ്റർ ബാക്സ്ട്രോക്
ബാഡ്മിന്റൺ ടീം–- പകൽ 1.30
സൈക്ലിങ്– പകൽ 2.30
വനിതാ ജിംനാസ്റ്റിക്സ്–-പകൽ 1.30
വനിതാ ഹോക്കി:
ഇന്ത്യ–-വെയ്ൽസ്– -രാത്രി 6.30
സ്ക്വാഷ്–- വൈകിട്ട് 5
ടേബിൾ ടെന്നീസ്–- പകൽ 2
പുരുഷ ഭാരോദ്വഹനം:
പകൽ 1.30, വൈകിട്ട് 4.15
ബോക്സിങ്:
ശിവ് ഥാപ്പ–-റീസെ ലിഞ്ച്
വൈകിട്ട് 5.15: മുഹമ്മദ് ഹുസാമുദീൻ