കൊച്ചി
ഐടി മേഖലയുടെ കുതിപ്പിന് ഇൻഫോപാർക്കിൽ ആധുനികസൗകര്യങ്ങളോടെ കൂടുതൽ ഇടമൊരുങ്ങി. കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിൽ ജ്യോതിർമയയിലെ ഒമ്പതാംനിലയും മൂന്നുനിലകളിലുള്ള കൊഗ്നിസെന്റ് ടെക്നോളജീസ് കെട്ടിടത്തിൽ 1,00,998 ചതുരശ്രയടിയും തൃശൂർ ഇൻഫോപാർക്കിൽ ഇന്ദീവരത്തിലെ രണ്ടാംനിലയുമാണ് പ്രവർത്തനസജ്ജമായത്. ഇൻഫോപാർക്ക് ഫേസ് രണ്ടിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഐടി ഇടങ്ങൾ ഉദ്ഘാടനം ചെയ്തു. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. കോഗ്നിസെന്റിലേക്കുള്ള പ്രവേശനം മുഖ്യമന്ത്രിയും ജ്യോതിര്മയയിൽ ഒമ്പതാംനിലയിലേക്കുള്ള പ്രവേശനം പി രാജീവും ഉദ്ഘാടനം ചെയ്തു.
മൂന്നിടങ്ങളിലായി 1,61,000 ചതുരശ്രയടിയിൽ 18 കമ്പനികൾ ചേർന്ന് രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജ്യോതിർമയയിൽ 35,000 ചതുരശ്രയടിയിൽ 10 ഓഫീസുകൾക്ക് സൗകര്യമുണ്ട്. ഒമ്പതാംനിലയിൽ രണ്ട് വിഭാഗങ്ങളിലായി 1800 മുതൽ 5600 ചതുരശ്രയടിവരെയാണ് കമ്പനികൾക്ക് അനുവദിച്ചത്. 21 മുതൽ 95 പേർക്കുവരെ ജോലി ചെയ്യാവുന്ന ഓഫീസുകളുണ്ട്. 5604 ചതുരശ്രയടിയിൽ 95 ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച എയർപേ പേമെന്റ് സർവീസാണ് ഏറ്റവും വലിയ കമ്പനി. ഫെതർ സോഫ്റ്റ് (5127 ചതുരശ്രയടി–-79 സീറ്റ്), അകാമ്പസ് ഇന്റർനാഷണൽ (4711–-58), ക്വസ്റ്റ് ഗ്ലോബൽ (3667–-44), സർവേ സ്പാരോ (3197–-44), നോംഡ് ടെക്നോളജി (2190–-32) തുടങ്ങിയവയാണ് മറ്റു കമ്പനികൾ.
തൃശൂർ കൊരട്ടിയിലെ ക്യാമ്പസിൽ ഇന്ദീവരത്തിലെ രണ്ടാംനിലയിൽ 25,000 ചതുരശ്രയടിയാണ് ഒരുക്കിയത്. 10,104 ചതുരശ്രയടിയിൽ 224 ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച വെബ് ആൻഡ് ക്രാഫ്റ്റ് ടെക്നോളജി സെല്യൂഷൻസാണ് വലിയ കമ്പനി. സഫയർ ടെക്നോളജീസ് (7105–-134), വിൻഫോൾ പ്രൊഡക്ഷൻ (3894–-82), റാഫേൽ ക്ലാത് ഇന്ത്യ (1203–-51), സെഫൽ മെഡി സൊല്യൂഷൻസ് (2512–-24) തുടങ്ങിയവയാണ് മറ്റു കമ്പനികൾ. ചടങ്ങിൽ പി വി ശ്രീനിജിൻ എംഎൽഎ, കലക്ടർ രേണു രാജ്, കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തൃക്കാക്കര നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ, വടവുകോട്–-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ലിസി അലക്സ്, ടി എസ് നവാസ്, രാജേഷ് നമ്പ്യാർ, ബോണി പ്രസാദ റാവു, രാജേഷ് നമ്പ്യാര് തുടങ്ങിയവർ സംസാരിച്ചു.