അഗളി
ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ16–-ാം സാക്ഷി വനംവകുപ്പ് വാച്ചറായ അബ്ദുൾ റസാഖും മൊഴിമാറ്റി. വെള്ളിയാഴ്ച നടന്ന വിസ്താരത്തിലാണ് ഇയാൾ മധുവിനെ അറിയില്ലെന്നും സംഭവം കണ്ടിട്ടില്ലെന്നും കോടതിയിൽ പറഞ്ഞത്. വണ്ടിക്കടവിലെ ഭക്ഷണം വിൽക്കുന്ന ഷെഡ്ഡിൽ ഇരിക്കുമ്പോൾ പ്രതികൾ കാട്ടിൽനിന്ന് മധുവിനെ കൈകൾ ബന്ധിച്ച് കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു അബ്ദുൾ റസാഖ് നേരത്തേ നൽകിയ മൊഴി.
മൂന്നാം പ്രതി ഷംസുദ്ദീൻ കൈയിലിരുന്ന വടികൊണ്ടും മറ്റുപ്രതികൾ കൈകൊണ്ടും മധുവിനെ മർദിക്കുന്നതും മധുവിന് 15–-ാം സാക്ഷി മെഹറുന്നിസ വെള്ളം നൽകുന്നതും കണ്ടു എന്നും ഇയാൾ മുമ്പ് പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ മാറ്റിയത്. ഇതോടെ സംഭവത്തിന് സാക്ഷിയായ ആറാമത്തെ ആളാണ് കൂറുമാറുന്നത്. എന്നാൽ വ്യാഴാഴ്ച വിസ്തരിച്ച 13–-ാം സാക്ഷി സുരേഷ് പൊലീസിന് നൽകിയ മൊഴി ആവർത്തിച്ചു.
സാക്ഷി വിസ്താരം ഇനി 27ന്
കേസിൽ 13–-ാം സാക്ഷി സുരേഷ്,17–ാം സാക്ഷി എന്നിവരെ 27ന് വിസ്തരിക്കും. പ്രതിഭാഗം അഭിഭാഷകരാണ് 27ന് സുരേഷിനെ വിസ്തരിക്കുക. ഇതിനുശേഷമാകും 17–-ാം സാക്ഷിയുടെ വിസ്താരം.
പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന് വ്യക്തം:
രാജേഷ് എം മേനോൻ
വിസ്താരം നടത്തിയ സാക്ഷികളിൽ ആറുപേർ കൂറുമാറിയത് പ്രതികളെ സാക്ഷികൾ സ്വാധിനിച്ചെന്നതിന് തെളിവെന്ന് വാദിഭാഗം അഭിഭാഷകനും പബ്ലിക് പ്രേസിക്യൂട്ടറുമായ രാജേഷ് എം മോനോൻ. സാക്ഷികളിൽ ഉൾപ്പെട്ട രണ്ട് വനംവകുപ്പ് വാർച്ചർമാരും മൊഴി മാറ്റിയത് ഗൗരവത്തോടെ കാണണം. മൊഴിമാറ്റിയവർക്തെിരെ കർശന നടപടിയുണ്ടാകും–- അദ്ദേഹം പറഞ്ഞു.