വരാപ്പുഴ
വരാപ്പുഴയിലെ ട്രാവൽസ് ഉടമയുടെയും സുഹൃത്തിന്റെയും കൊലപാതകത്തിനുപിന്നിൽ ഇറിഡിയം തട്ടിപ്പുസംഘമെന്ന് സ്ഥീരികരിച്ച് തമിഴ്നാട് പൊലീസ്. അന്വേഷണത്തിനായി തമിഴ്നാട് പൊലീസ് ഉടൻ കേരളത്തിലെത്തുമെന്നാണ് സൂചന. കൊലയാളികള്‍ കേരളത്തിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. സംഘം സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങൾ തമിഴ്നാട് പൊലീസിന് ലഭിച്ചു. ഇറിഡിയം ലോഹത്തിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ടുനടന്ന തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് സൂചന.
വരാപ്പുഴ വലിയവീട്ടിൽ ട്രാവൽസ് ഉടമ ശിവകുമാർ പൈയും ഇദ്ദേഹത്തിന്റെ ഡ്രൈവറും സുഹൃത്തുമായ തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവിൽ ജി ക്രൂസുമാണ് സേലത്ത് കൊല്ലപ്പെട്ടത്. ബിസിനസിൽ തനിക്ക് ഭീഷണിയുണ്ടെന്ന് ശിവകുമാർ വരാപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരത്തെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ബിസിനസ് ആവശ്യത്തിന് ഒരുകോടി രൂപ വാങ്ങിയതായാണ് ശിവകുമാർപൈ പരാതിയിൽ പറഞ്ഞത്. ഈ തുക തിരിച്ചുചോദിച്ച് ഇവർ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിലുണ്ട്. തുക തിരിച്ചുനൽകിയില്ലെങ്കിൽ വീട്ടിൽക്കയറി കൊല്ലുമെന്നായിരുന്നു ഭീഷണി. പാസ്പോർട്ടും രേഖകളും ഇവർ പിടിച്ചുവാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്. കൂടാതെ, ശിവകുമാർ വാങ്ങിയ 20 ലക്ഷം രൂപ തിരിച്ചുകിട്ടിയില്ലെന്ന് കണ്ണൂർ സ്വദേശി വരാപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതികൾ വിശദമായി അന്വേഷിക്കുകയാണ്.
തമിഴ്നാട്ടിലെ ധർമപുരി എസ്പി കലൈശെൽവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം കൊലപാതകവുമായി ബന്ധപ്പെട്ട് ധർമപുരി നെട്ടൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നു. സേലം ഓമല്ലൂർ ടോൾ ഗേറ്റിലൂടെ കടന്നുപോയ ശിവകുമാറിന്റെ കാറിനെ മറ്റൊരുവാഹനം പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാൾ ഇറിഡിയം തട്ടിപ്പുസംഘത്തിലെ പ്രധാനിയാണ്.