കൊച്ചി
നടിയെ ആക്രമിച്ച കേസില് അനുബന്ധ കുറ്റപത്രം സമര്പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു പൗലോസാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇക്കാര്യം പ്രോസിക്യൂഷന് വിചാരണക്കോടതിയെ അറിയിച്ചു. അനുബന്ധ കുറ്റപത്രം പരിശോധിക്കാൻ കേസ് 27ന് പരിഗണിക്കും. വിചാരണനടപടികൾ ഒരുമാസം കഴിഞ്ഞ് ആരംഭിക്കുമെന്നാണ് സൂചന.
അനുബന്ധ കുറ്റപത്രം മജിസ്ട്രേട്ട് കോടതിയിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തും. തുടർന്നാണ് വിചാരണക്കോടതിയിൽ എത്തുക. കേസിലെ ഒന്നാംപ്രതി പൾസർ സുനിയെ കാണാൻ കോടതിയിൽ ഹാജരാക്കണമെന്ന അഭിഭാഷകന്റെ ഹർജി വിചാരണക്കോടതി തള്ളി. പൾസർ സുനി എന്ന സുനിൽകുമാർ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിൽ ചികിത്സയിലാണെന്ന് കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയതായി വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ് ചൂണ്ടിക്കാട്ടി. ചികിത്സ തുടരുന്നതിനാൽ നേരിട്ട് കാണണമെന്ന ഹർജി അനുവദിക്കാനാകില്ല.
ശക്തമായ
തെളിവുകൾ
അനുബന്ധ കുറ്റപത്രത്തിൽ എട്ടാംപ്രതി ദിലീപിനെതിരെ ശബ്ദരേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ. ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ പി ബാലചന്ദ്രകുമാർ ടാബ്ലറ്റിൽ പകർത്തിയ സംഭാഷണങ്ങളും ജയിലിൽനിന്ന് പൾസർ സുനി സഹതടവുകാരനായിരുന്ന ജിൻസണുമായി നടത്തിയ ഫോൺ സംഭാഷണവുമെല്ലാം ഇതിൽപ്പെടും. ബാലചന്ദ്രകുമാറാണ് മുഖ്യസാക്ഷി. മഞ്ജു വാര്യർ ഉൾപ്പെടെ 110 സാക്ഷികളുണ്ട്.
ദിലീപിന് പൾസർ സുനിയുമായി മുൻപരിചയമുണ്ടെന്നും ക്വട്ടേഷൻ നൽകിയെന്നും സംശയിക്കുന്ന സാഹചര്യത്തെളിവുകളും സമർപ്പിച്ചു. നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യം ദിലീപിന്റെ കൈയിൽ എത്തിയെന്നതിന് സാഹചര്യത്തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ദിലീപിന്റെ കൈവശമെത്തിയ ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടതായി അന്വേഷകസംഘം സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.
1500 പേജുള്ള കുറ്റപത്രത്തിൽ ദിലീപിനെതിരെ തെളിവുനശിപ്പിക്കൽ, തെളിവ് മറച്ചുവയ്ക്കൽ (ഐപിസി 204, 201) എന്നീ കുറ്റങ്ങൾ അധികമായി ചേർത്തിട്ടുണ്ട്. ദിലീപിന്റെ സുഹൃത്ത് ആലുവയിലെ ഹോട്ടൽ ആൻഡ് ട്രാവൽസ് ഉടമ ശരത് ജി നായർ 15–-ാംപ്രതിയാണ്. നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യം ശരത്ത് ദിലീപിന്റെ കൈയിൽ എത്തിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തിയതിനെ തുടർന്നാണ് 15–-ാംപ്രതിയാക്കിയത്.
മഞ്ജു ഉൾപ്പെടെ 110 സാക്ഷികൾ
ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ മുതൽ നടി മഞ്ജു വാര്യർ ഉൾപ്പെടെ 110 സാക്ഷികളെ ഉൾപ്പെടുത്തിയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. വിവിധ ശബ്ദരേഖകളിൽനിന്ന് ദിലീപിന്റെ ശബ്ദം മഞ്ജു വാര്യർ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചുകണ്ടെന്നാണ് നടൻ ചെമ്പൻ വിനോദ് സാക്ഷിമൊഴി നൽകിയത്.
തന്റെ പേര് ഉൾപ്പെടുത്തി വ്യാജ വാട്സാപ് ഗ്രൂപ്പ് നിർമിക്കാൻ ദിലീപ് ഒത്താശ ചെയ്തെന്നാണ് ആഷിഖ് അബുവിന്റെ മൊഴി. ഒന്നാംപ്രതി പൾസർ സുനി ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീടിന്റെ ഭാഗത്തുനിന്ന് വരുന്നത് കണ്ടതായി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ മൊഴി നൽകി. കാവ്യാ മാധവന്റെ അമ്മ ശ്യാമള, അച്ഛൻ മാധവൻ എന്നിവരും സാക്ഷികളാണ്.
സൈബർ വിദഗ്ധൻ സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ ശോഭന, ദിലീപിന്റെ വീട്ടുജോലിക്കാരൻ ദാസൻ തുടങ്ങിയവരും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ 350 രേഖകളാണ് സമർപ്പിച്ചത്. എട്ടാംപ്രതി ദിലീപ് ഉൾപ്പെടെ 10 പേരുടെ ശബ്ദസാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചു.
ഒന്നാംപ്രതി പൾസർ സുനി, ദിലീപിന് അയച്ച കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിളും പരിശോധനയ്ക്ക് അയച്ചു. പ്രധാന സാക്ഷി ബാലചന്ദ്രകുമാർ പൾസർ സുനിയോടൊപ്പം ദിലീപിന്റെ വീട്ടിൽനിന്ന് സഞ്ചരിച്ച ചുവന്ന മാരുതി സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തതായും കുറ്റപത്രത്തിലുണ്ട്.
മെമ്മറി കാർഡ്
മൂന്നുവട്ടം
തുറന്നു
നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് മൂന്നുതവണ അനധികൃതമായി വിവിധ കോടതികളിൽവച്ച് തുറന്നതായുള്ള ഫോറൻസിക് ലാബ് റിപ്പോർട്ടും കുറ്റപത്രത്തിനൊപ്പമുണ്ട്. വിചാരണക്കോടതിയിലും ജില്ലാകോടതിയിലും അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും വച്ച് മെമ്മറി കാർഡ് തുറന്നതായാണ് റിപ്പോർട്ട്.