തിരുവനന്തപുരം
പാലക്കാട് ക്യാമ്പിലെ പീഡനവാർത്തയും വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ വാട്സാപ് ചാറ്റും പുറത്തുവിട്ട നേതാക്കളെ ഷാഫി പറമ്പിൽ സംരക്ഷിക്കുകയാണെന്ന് സസ്പെൻഷനിലായ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ എം നുസൂർ. വാർത്തകൾ ചോർത്തിയെന്ന കുറ്റം ആരോപിച്ചാണ് നുസൂറിനെയും മറ്റൊരു വൈസ് പ്രസിഡന്റ് എസ് എം ബാലുവിനെയും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്.
വിമാന ഗൂഢാലോചന, പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പ് പീഡനം എന്നിവ പുറത്തുവന്നതിൽ തനിക്ക് പങ്കില്ലെന്ന് നുസൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒറ്റുകാർ ഇപ്പോഴും സംഘടനയ്ക്ക് അകത്താണ്. ഷാഫി പറമ്പിൽ എംഎൽഎയുമായി ചില വിഷയത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. രണ്ടു സംഭവത്തിലെയും വസ്തുതകൾ ബോധ്യപ്പെടുത്താൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കാണും.
വാർത്ത പുറത്തുവിട്ടവർക്കെതിരെ നടപടിയെടുക്കണം. ആരാണ് യഥാർഥ ഒറ്റുകാരെന്ന് അന്വേഷണ കമീഷൻ കണ്ടെത്തണം –-നുസൂർ പറഞ്ഞു.
ഷാഫി പറമ്പിൽ ആസൂത്രിതമായി എതിർ ക്യാമ്പിലുള്ള രണ്ട് പ്രമുഖരെ പുറത്താക്കുകയായിരുന്നെന്ന് നുസൂറിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. എന്നാൽ, രണ്ട് സംഭവത്തിലെയും വാർത്ത പുറത്തുവിട്ടത് നുസൂറും ബാലുവും ആണെന്നതിന് തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് ഷാഫി അനുകൂലികൾ വ്യക്തമാക്കുന്നത്.