ന്യൂഡൽഹി
കേന്ദ്ര സർവകലാശാലകളിലെ അധ്യാപക നിയമനങ്ങളിൽ ദളിത്, ആദിവാസി, ദുർബല വിഭാഗങ്ങളെ അകറ്റിനിർത്തി കേന്ദ്ര സർക്കാർ. ദളിതർക്ക് സംവരണം ചെയ്ത 988 തസ്തികയും ആദിവാസികൾക്ക് സംവരണം ചെയ്ത 576 തസ്തികയും ഒഴിഞ്ഞുകിടക്കുകയാണെന്ന് എ എ റഹിമിന് രാജ്യസഭയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ മറുപടി നൽകി.
ഒബിസി–-1761, സാമ്പത്തികമായി ദുർബല വിഭാഗങ്ങൾ–- 628, ഭിന്നശേഷിക്കാർ–- 344 എന്നിങ്ങനെയാണ് നിയമനം നടക്കാനുള്ള തസ്തികകളുടെ എണ്ണം. 43 കേന്ദ്രസർവകലാശാലയിലായി പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും ഇപ്പോൾ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയ ദ്രൗപദി മുർമുവിന്റെയും പേരിൽ രാഷ്ട്രീയപ്രചാരണം നടത്തുന്ന ബിജെപിയുടെ തനിനിറം ബോധ്യമാകുന്ന വസ്തുതയാണ് പുറത്തുന്നത്.
കാസർകോട് ആസ്ഥാനമായ കേന്ദ്ര സർവകലാശാലയിൽമാത്രം 13 ദളിത് സംവരണ തസ്തികയും ഏഴ് പട്ടികവർഗ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. ഒബിസി വിഭാഗത്തിന്റെ 18 ഒഴിവിലും നിയമനം നടത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ യഥാക്രമം 16, 11, ആറു വീതമാണ് ഒഴിവുകൾ. നിയമനത്തിനായി ശ്രമിച്ചിട്ടും ദുർബല വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ളവരെ കണ്ടെത്താനാകുന്നില്ലെന്നു പറയുന്ന വിചിത്രവും അവിശ്വസനീയവുമായ കണക്കും മറുപടിയായി ലഭിച്ചിട്ടുണ്ട്. ഡൽഹി ജെഎൻയുവിൽ 22 എസ്സി, 10 എസ്ടി, 33 ഒബിസി ഒഴിവ് ഇത്തരത്തിൽ ഒഴിഞ്ഞുകിടക്കുന്നു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ 74 എസ് സി, 66 എസ്ടി, 14 ഒബിസി ഒഴിവാണ് തുടരുന്നത്.
ഭരണഘടന ഉറപ്പ് നൽകുന്ന സംവരണതത്വം മോദി സർക്കാർ ബോധപൂർവം അവഗണിക്കുകയാണെന്ന് എ എ റഹിം പ്രതികരിച്ചു. കേന്ദ്ര സർവകലാശാലകളിൽ അധ്യാപകരും വിദ്യാർഥികളും വ്യാപകമായി വംശീയ വിവേചനങ്ങൾക്ക് ഇരയാകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാതിലടച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കഴിഞ്ഞവർഷം കേന്ദ്ര സർക്കാരിന്റെ 12 ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദളിത് ഗവേഷക വിദ്യാർഥികളിൽ ഒരാൾക്കുപോലും പ്രവേശനം നൽകിയില്ല. ഒരു ആദിവാസി ഗവേഷക വിദ്യാർഥിയെപ്പോലും പ്രവേശിപ്പിക്കാത്ത 21 സ്ഥാപനമുണ്ട്. രാജ്യസഭയിൽ വി ശിവദാസന് വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ നൽകിയ മറുപടിയിലാണ് ഇത് വെളിപ്പെട്ടത്. ബംഗളൂരു, കൊൽക്കത്ത, ഇൻഡോർ, കോഴിക്കോട്, ലഖ്നൗ, കാശിപുർ, റായ്പുർ, റാഞ്ചി, റോത്തക്ക്, ട്രിച്ചി, അമൃത്സർ, ബോധ്ഗയ, സിർമൗർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഐഐഎമ്മുകൾ തിരുപ്പതി, ഭിലായ്, മണ്ഡി, ഗ്വാളിയർ, കുർനൂൽ ഐഐടികൾ, ബെർഹാംപോർ, ഭോപാൽ ഐസറുകൾ എന്നീ സ്ഥാപനങ്ങൾ ആദിവാസി വിഭാഗങ്ങളിൽനിന്ന് ഒറ്റ ഗവേഷക വിദ്യാർഥിയെയും പ്രവേശിപ്പിച്ചിട്ടില്ല.
അഹമ്മദാബാദ്, ബംഗളൂരു, ഇൻഡോർ, കാശിപുർ, റാഞ്ചി, റോത്തക്ക്, ട്രിച്ചി, അമൃത്സർ, സിർമൗർ, വിശാഖപട്ടണം ഐഐഎമ്മുകൾ, ഗ്വാളിയർ, ഭിലായ് ഐഐടികൾ എന്നിവയാണ് ദളിത് ഗവേഷക വിദ്യാർഥികൾക്ക് പ്രവേശനം നൽകാത്ത സ്ഥാപനങ്ങൾ.