ന്യൂഡൽഹി
ഭക്ഷ്യവസ്തുക്കളടക്കം നിത്യോപയോഗസാധനങ്ങളുടെ ജിഎസ്ടി നിരക്കിൽ വരുത്തിയ വർധന അപലപനീയമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. വർധന ഉടൻ പിൻവലിക്കണം. ഭക്ഷ്യവസ്തുക്കൾക്ക് നികുതി ചുമത്തിയ ബ്രിട്ടീഷ് കൊളോണിയൽ സർക്കാരിന്റെ നയം സ്വതന്ത്രഇന്ത്യയിൽ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ 75 വർഷത്തിൽ അരി, ഗോതമ്പ്, പയർഇനങ്ങൾ, തൈര്, മോര്, പനീർ, മാംസം, മത്സ്യം എന്നീ വസ്തുക്കൾക്ക് നികുതി ചുമത്തിയിട്ടില്ല. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന വർഷത്തിൽ ജനങ്ങൾക്ക് മോദിസർക്കാരിന്റെ സമ്മാനമാണിത്.
മൃതദേഹസംസ്കാര നിരക്ക്, ആശുപത്രി മുറി വാടക, മഷി എന്നിവയുടെ അടക്കം ജിഎസ്ടി വർധിപ്പിച്ചു. ബാങ്കിൽ സ്വന്തം അക്കൗണ്ടിലുള്ള പണം പിൻവലിക്കാനുള്ള ചെക്ക് ബുക്കിനും 18 ശതമാനം ജിഎസ്ടി നൽകണം. ഉപഭോക്തൃ വിലസൂചിക ഏഴ് ശതമാനത്തിനും മൊത്തവ്യാപാര വിലസൂചിക 15 ശതമാനത്തിനും മുകളിൽ നിൽക്കുമ്പോഴാണ് ജനങ്ങൾക്കുമേൽ ഈ ക്രൂരമായ കടന്നാക്രമണം. രൂക്ഷമാകുന്ന തൊഴിലില്ലായ്മ, തകരുന്ന രൂപ, അഭൂതപൂർവമായ വ്യാപാരകമ്മി, ജിഡിപി വളർച്ചയിലെ ഇടിവ് എന്നിവയും ഇതോടൊപ്പം അനുഭവപ്പെടുന്നു. ജിഎസ്ടി വർധന ജനങ്ങളുടെ ജീവനോപാധികളെ കൂടുതൽ നശിപ്പിക്കും.
വരുമാനം കൂട്ടാൻ അതിസമ്പന്നർക്ക് നികുതി ചുമത്തുകയാണ് മോദിസർക്കാർ ചെയ്യേണ്ടത്. ശതകോടീശ്വരന്മാരുടെ ആസ്തി ഏറ്റവും കൂടുതൽ വർധിക്കുന്ന രാജ്യമാണ് ഇന്ത്യ. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം ലാഭം 2021–-22ൽ 9.3 ലക്ഷം കോടി രൂപയായി ഉയർന്നു. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം കൂടുതൽ. 2010–-2020 കാലത്തെ ശരാശരി ലാഭത്തിന്റെ മൂന്ന് മടങ്ങിനേക്കാൾ കൂടുതലുമാണ്. അതിസമ്പന്നർക്ക് സർക്കാർ നികുതിയിളവുകൾ നൽകുന്നു. ആഡംബരവസ്തുക്കൾക്ക് മുമ്പ് കനത്ത നികുതി ചുമത്തിയിരുന്നെങ്കിൽ ജിഎസ്ടി വന്നതോടെ നികുതി കുറഞ്ഞു. അരിക്ക് അഞ്ച് ശതമാനം നികുതി ചുമത്തിയപ്പോൾ സ്വർണത്തിന് അഞ്ചും ഡയമണ്ടിന് 1.5 ശതമാനവുമാണ് നികുതി.
നികുതി വർധിപ്പിക്കുന്നതിനോട് എതിർപ്പുണ്ടായില്ലെന്ന മോദിസർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണ്. കേരളത്തിന്റെ ശക്തമായ വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ നിർദേശം 2021 നവംബറിൽ ആദ്യമായി വന്നപ്പോൾത്തന്നെ സംസ്ഥാന ധനമന്ത്രി എതിർപ്പ് അറിയിച്ചിരുന്നതായി മുഖ്യമന്ത്രി ഓർമപ്പെടുത്തുകയും ചെയ്തു. ജനങ്ങൾക്കുനേരെയുള്ള ക്രൂരമായ ആക്രമണത്തിനെതിരായി വിശാലാടിസ്ഥാനത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാൻ പാർടി ഘടകങ്ങളോട് പിബി ആഹ്വാനം ചെയ്തു.