ലണ്ടൻ
ബ്രിട്ടനിൽ ഒന്നേകാൽ ലക്ഷത്തോളം തപാൽ ജീവനക്കാർ പണിമുടക്കിലേക്ക്. വേതന വർധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തപാൽ ഗ്രൂപ്പുകളിലൊന്നായ റോയൽ മെയിലിലെ ജീവനക്കാരുടെ സംഘടനയായ കമ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 97.6 ശതമാനം ജീവനക്കാരും പണിമുടക്കിനെ അനുകൂലിച്ച് വോട്ട് ചെയ്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ജീവിതച്ചെലവ് കുത്തനെ കൂടുന്ന സാഹചര്യത്തിൽ ന്യായമായ വേതന വർധനയാണ് ആവശ്യപ്പെടുന്നതെന്നും തൊഴിലാളികൾ ഒറ്റക്കെട്ടാണെന്നും യൂണിയൻ ജനറൽ സെക്രട്ടറി ഡെവ് വാർഡ് പറഞ്ഞു.
കഴിഞ്ഞ മാസം അരലക്ഷം റെയിൽവേ ജീവനക്കാർ വേതന വർധന ആവശ്യപ്പെട്ട് പണിമുടക്കി. 27ന് രാജ്യത്തെ റെയിൽ ജീവനക്കാർ വീണ്ടും പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 40 വർഷത്തെ ഏറ്റവും വലിയ വിലക്കയറ്റം ബ്രിട്ടനില്‍ സാധാരണക്കാരെ കടുത്ത ദുരിതത്തിലേക്കാണ് തള്ളിയത്.