മലപ്പുറം
കേരള വഖഫ് ബോർഡ് നിയമനത്തിന് പുതിയ ഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തോടെ തകർന്നത് സമുദായ വികാരത്തിന്റെ മറവിൽ രാഷ്ട്രീയലാഭം കൊയ്യാനുള്ള മുസ്ലിംലീഗ് നീക്കം. മുസ്ലിം സംഘടനകൾക്ക് നൽകിയ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചതോടെ വെട്ടിലായ ലീഗ് നേതൃത്വം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തങ്ങളുടെ നേട്ടമായി ചിത്രീകരിച്ച് പരിഹാസ്യരായി.
മുഖ്യമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിക്കാൻപ്പോലും ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ മടിച്ചതോടെ അവരുടെ അസഹിഷ്ണുതയാണ് പുറത്തുവന്നത്. അതേസമയം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെ മുസ്ലിംസംഘടനകളും നേതാക്കളും മുഖ്യമന്ത്രിയെ അഭിനന്ദിച്ചത് ലീഗിന് കനത്ത പ്രഹരമായി.
നിയമനിർമാണത്തെ നിയമസഭയിലും പുറത്തും ശക്തമായി എതിർക്കാൻ തുടക്കത്തിൽ ലീഗ് തയ്യാറായിരുന്നില്ല. എന്നാൽ, നിയമനം പിഎസ്സിക്ക് വിടുന്നതിൽ ചില മുസ്ലിംസംഘടനകൾ ആശങ്ക പ്രകടിപ്പിച്ചതോടെ സാമുദായിക വികാരം ആളിക്കത്തിക്കാൻ ലീഗ് ചാടിവീണു. കിട്ടിയ അവസരം ഉപയോഗിച്ച് മഹല്ലുകൾ കേന്ദ്രീകരിച്ച് സമരം നടത്താൻ തീരുമാനിച്ചു. വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം പള്ളികളിൽ സർക്കാർവിരുദ്ധ പ്രചാരണം നടത്താൻ ഗൂഢനീക്കം നടത്തി. ലീഗിന്റെ രാഷ്ട്രീയ ദുഷ്ടലാക്കിലെ അപകടം തിരിച്ചറിഞ്ഞ സമസ്ത സമരത്തിന് തങ്ങളില്ലെന്ന് പ്രഖ്യാപിച്ചു. മതസ്ഥാപനങ്ങളും മഹല്ല് സംവിധാനങ്ങളും ദുരുപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകി. സമസ്ത പിൻമാറിയതോടെ മറ്റ് പല മുസ്ലിംസംഘടനകളും ലീഗ് നിലപാടിനോട് നിസ്സഹകരിച്ചു. അതോടെ പേരിന് ചില സമരങ്ങൾ നടത്തി ലീഗ് മാനം രക്ഷിച്ചു.
ഇതിനിടെ, സമസ്ത ഉൾപ്പെടെ ഉന്നയിച്ച ആശങ്ക ചർച്ചചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. അദ്ദേഹം മുസ്ലിം സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചു. ഒരു ആശങ്കയും വേണ്ടെന്നും എല്ലാവരുടെയും വികാരം ഉൾക്കൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന്, മുസ്ലിം സംഘടനകളുടെ അഭിപ്രായം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാനും യോഗ്യരെ വഖഫ് ബോർഡിൽ നിയമിക്കാൻ സംവിധാനം ഒരുക്കുന്നത് പരിശോധിക്കാനും തീരുമാനിച്ചു. ഇക്കാര്യമാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ലീഗുണ്ടായിരുന്നില്ല. മുസ്ലിം സംഘടനകളെമാത്രമാണ് ക്ഷണിച്ചത്. എന്നിട്ടും തങ്ങളുടെ നേട്ടമായി ലീഗ് പ്രചരിപ്പിക്കുന്നത് ആ സംഘടനയുടെ നിസ്സഹായാവസ്ഥയാണ് വ്യക്തമാക്കുന്നത്.