കൊച്ചി
പെട്രോൾ, ഡീസൽ വിൽപ്പനയിൽ എണ്ണക്കമ്പനികൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത നിയന്ത്രണങ്ങളുടെ മറവിൽ കോടികളുടെ നികുതി വെട്ടിച്ച് അനധികൃത ഇന്ധനവിൽപ്പന. പൊതുപമ്പുകൾവഴി നൽകേണ്ട ഇന്ധനം ക്രഷർ, വൻകിട ഫാക്ടറികൾ, മാളുകൾ എന്നിവിടങ്ങളിലെ സ്വകാര്യപമ്പുകളിലേക്ക് മറിച്ചുനൽകിയാണ് വെട്ടിപ്പ്. എണ്ണക്കമ്പനികളിൽനിന്ന് വാങ്ങാതെ പൊതുപമ്പുകളിൽനിന്ന് ഇന്ധനം വാങ്ങുന്നതിലൂടെ സ്വകാര്യ പമ്പുകൾ വൻ ലാഭമുണ്ടാക്കുന്നു. സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്നത് ലിറ്ററിന് 22 ശതമാനം വിൽപ്പനനികുതി.
എണ്ണക്കമ്പനികൾ സ്വകാര്യവിഭാഗത്തിലെ പമ്പുകൾക്ക് ഇന്ധനം നൽകുന്നത് ഉയർന്ന വിലയ്ക്കാണ്. ബൾക്ക് ഉപയോക്താക്കളുടെ ഈ വിഭാഗത്തിൽ ആശുപത്രികൾ, ഫാക്ടറികൾ, നിർമാണക്കമ്പനികൾ, ക്രഷുകൾ, മാളുകൾ തുടങ്ങിയവയാണുള്ളത്. ഇന്ധനവില കുതിച്ചുയർന്നതിന്റെയും വിൽപ്പന കുറയ്ക്കാൻ എണ്ണക്കമ്പനികൾ കൈക്കൊണ്ട നടപടികളുടെയും ഫലമായി സ്വകാര്യ പമ്പുകൾ കമ്പനികളിൽനിന്ന് ഇന്ധനം വാങ്ങുന്നത് നിർത്തി. പകരം പൊതുപമ്പുകളുടെ ബ്രൗസർ എന്ന പ്രത്യേക സൗകര്യത്തിലൂടെ വാങ്ങാൻ തുടങ്ങി.
ആറായിരം ലിറ്റർ ശേഷിയുള്ള ചെറുടാങ്കറിലൂടെ ആവശ്യക്കാർക്ക് ഇന്ധനമെത്തിക്കുന്ന സംവിധാനമാണ് ബ്രൗസർ. 20 ലക്ഷം രൂപ മുടക്കിയാൽ പമ്പുകൾക്ക് ബ്രൗസർ ലൈസൻസ് കിട്ടും. ഇപ്പോഴത്തെ വിലപ്രകാരം എണ്ണക്കമ്പനികളിൽനിന്ന് സ്വകാര്യപമ്പിലേക്ക് ഒരു ലിറ്റർ ഡീസൽ വാങ്ങാൻ 117 രൂപ നൽകണം. പൊതുപമ്പുകൾ 95 രൂപയും. 95 രൂപയ്ക്ക് പൊതുപമ്പുകൾ വാങ്ങുന്ന ഡീസൽ 100 രൂപയ്ക്ക് സ്വകാര്യപമ്പുകൾക്ക് നൽകിയാണ് വെട്ടിപ്പ്.
എണ്ണക്കമ്പനികളെ ഒഴിവാക്കിയുള്ള ഇടപാടിൽ സ്വകാര്യപമ്പിന് ലിറ്ററിന് ലാഭം 17 രൂപവരെ. എണ്ണക്കമ്പനികളിൽനിന്ന് വാങ്ങുമ്പോൾ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട 22 ശതമാനം നികുതിയും സ്വകാര്യ പമ്പുടമകൾ ഒടുക്കേണ്ട. എറണാകുളം ജില്ലയിൽമാത്രം ഇത്തരം നൂറോളം പമ്പുണ്ട്. പൊതു ഉപയോഗത്തിനുള്ള ഇന്ധനം കുറഞ്ഞ വിലയ്ക്ക് വാങ്ങി വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് എണ്ണക്കമ്പനികൾ അറിഞ്ഞമട്ടില്ല. സ്വകാര്യ പമ്പുകളിൽ ഇന്ധനമെത്തുന്നവഴി അന്വേഷിക്കുന്നില്ല. സ്വകാര്യ ലൈസൻസികളുടെ ഇന്ധന ഉപയോഗം പരിശോധിക്കാനും ബ്രൗസർ ദുരുപയോഗിക്കുന്നുണ്ടോ എന്നറിയാനും എണ്ണക്കമ്പനികൾക്ക് സംവിധാനമുണ്ട്. അതുവഴി അനധികൃത വിൽപ്പന തടയാനുമാകും. സ്വകാര്യ ലൈസൻസുകൾ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികളുമെടുക്കാം. എന്നിട്ടും വെട്ടിപ്പിന് ഒത്താശചെയ്യുകയാണ്.