തിരുവനന്തപുരം
മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ചതിലൂടെ ഉന്നതമായ രാഷ്ട്രീയ ധാർമികതയാണ് ഉയർത്തിപ്പിടിച്ചതെന്ന് സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. പ്രസംഗവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് വന്ന സാഹചര്യത്തിലാണ് ധാർമികത ഉയർത്തിപ്പിടിച്ച് മന്ത്രിസ്ഥാനം രാജിവച്ചത്. ഡോ. ബി ആർ അംബേദ്കറെ താൻ അപമാനിച്ചെന്ന രീതിയിൽ നുണപ്രചാരണം നടന്നു. ഇക്കാര്യത്തിൽ വേദനയും ദുഃഖവുമുണ്ട്.
പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചെന്ന വാർത്തകൾ വളർച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്ക് നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദേശകതത്വങ്ങൾക്ക് കൂടുതൽ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കിൽ വർധിക്കുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ഭരണഘടനയ്ക്ക് ശക്തിയുണ്ടാകില്ലെന്ന ആശങ്കയാണ് പ്രകടിപ്പിച്ചത്. ഒരിക്കലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഉദ്ദേശിച്ചിട്ടില്ല.
മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നീ തത്വങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്നു എന്നതായിരുന്നു പ്രസംഗത്തിന്റെ കാതൽ. മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ കാര്യങ്ങൾ ശക്തമായി അവതരിപ്പിച്ചപ്പോൾ ഏതെങ്കിലും രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഉദ്ദേശിക്കാത്ത രീതിയിൽ കാര്യങ്ങൾക്ക് പ്രചാരണം ലഭിക്കാൻ ഇടവന്നതിലും ദുഃഖവും ഖേദവും സഭയിൽ രേഖപ്പെടുത്തിയിരുന്നു.
പിണറായി സർക്കാരിന്റെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ കേരള ജനതയുടെ പ്രതീക്ഷയാണ്. ആ പ്രതീക്ഷ തകർക്കാമെന്നാണ് ചിലർ വ്യാമോഹിക്കുന്നത്. അത് കേരളജനത അനുവദിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.