തിരുവനന്തപുരം
കേന്ദ്രമന്ത്രിമാർ രാഷ്ട്രീയലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് എത്തുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിനെ എതിർക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. ബിജെപിയുടെ തെറ്റായ നിലപാടുകൾക്കെതിരെ നിലപാട് സ്വീകരിക്കുമ്പോൾ അടിയന്തരപ്രമേയമല്ല, തങ്ങളുടെ അടിയന്തരംതന്നെ നടത്തിയാലും പോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിമാരുടെ ഭാഗത്തുള്ള വീഴ്ച ചൂണ്ടിക്കാട്ടിയപ്പോൾ രണ്ടും ഒരുപോലെ എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ഏത് രാഷ്ട്രീയത്തെ സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്. കുതിരാൻ ടണൽ പൂർത്തിയാക്കൽ പ്രഥമലക്ഷ്യമായി കണ്ടു. ആഗസ്ത് ഒന്നിന് ഒരു ടണൽ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എന്നാൽ, ജൂലൈ 31ന് ഉച്ചയ്ക്ക് ടണൽ തുറക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. തുറക്കുമ്പോൾ ഞങ്ങൾ അവിടെ ഉണ്ടാകരുത് എന്നാണ് അവർ ആഗ്രഹിച്ചതെന്ന് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിലൂടെ മനസ്സിലായി. കേന്ദ്രമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷം മിണ്ടിയില്ല.
വയനാട്ടിൽ ഒരു കേന്ദ്രമന്ത്രി വന്നപ്പോഴും പ്രതിപക്ഷം ഒന്നും പറഞ്ഞില്ല. കോഴിക്കോട്ട് കേന്ദ്രമന്ത്രി ഒരു വിഭാഗം മാധ്യമങ്ങളെമാത്രം പങ്കെടുപ്പിച്ച് യോഗം നടത്തി. കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോഴും പ്രതിപക്ഷം മിണ്ടിയില്ല. അവരുടെ വരവിന്റെ രാഷ്ട്രീയം തിരിച്ചറിയാത്തതുകൊണ്ടല്ല ഇത്.അമ്മയുടെ ഒക്കത്തിരിക്കുകയും വേണം അച്ഛനോടൊപ്പം നടക്കുകയും വേണമെന്നാണ് പ്രതിപക്ഷത്തിന്റെ മനസ്സിലിരിപ്പെന്നും മന്ത്രി പറഞ്ഞു.