കൊച്ചി
സർക്കാരിനെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് അന്വേഷകസംഘം. കെ ടി ജലീൽ എംഎൽഎയുടെ പരാതിയിൽ എടുത്ത കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജിയിലാണ് പ്രത്യേക അന്വേഷകസംഘം ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
ഫെബ്രുവരി 9, 10 തീയതികളിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ സ്വപ്നയും സ്വർണക്കടത്തിലെ കൂട്ടുപ്രതി സരിത്തും പി സി ജോർജുമായി കൂടിക്കാഴ്ച നടത്തി. 404–-ാം നമ്പർ മുറിയിലാണ് ഗൂഢാലോചന നടന്നത്. ഇവരെക്കൂടാതെ മറ്റു ചിലർക്കും ഗുഢാലോചനയിൽ പങ്കുള്ളതായി വിവരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
സ്വപ്ന ആരോപണമുന്നയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് അരമണിക്കൂറിനുള്ളിൽ വലിയതോതിൽ കലാപവും കൊള്ളിവയ്പും അരങ്ങേറി. പൊതുമുതൽ നശിപ്പിച്ചു. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളും കൃത്രിമമായി ചമച്ച ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. പൊതുസമാധാനം തകർക്കാൻ പ്രേരിപ്പിക്കുന്ന ആരോപണം ഉന്നയിച്ച ദിവസംമാത്രം സംസ്ഥാനത്ത് 12 കേസുകളുണ്ടായി. സമാനമായ 745 കേസുകളാണ് പിന്നീട് രജിസ്റ്റർ ചെയ്തത്. സ്വപ്നയുടെ പരസ്യമായ പ്രതികരണംമാത്രമാണ് പ്രകോപനത്തിനും കലാപത്തിനും കാരണമായത്.
സ്വപ്നയുടെ ആരോപണങ്ങൾ എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നേരത്തേ അന്വേഷിച്ചതാണ്. മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞതിൽ പുതുതായി ഒന്നുമില്ല. മജിസ്ട്രേട്ടിന് നൽകിയ മൊഴിയിലേതെന്നമട്ടിൽ പുറത്ത് ആരോപണമുന്നയിച്ചത് ദുരുദ്ദേശ്യപരവും അങ്ങേയറ്റം നിരുത്തരവാദപരവും സമൂഹത്തിൽ സംഘർഷമുണ്ടാക്കാൻ ബോധപൂർവം നടത്തിയതുമാണ്.
ഭരണകക്ഷിയിലെ നേതാക്കൾക്കെതിരെ സ്വപ്ന ഉന്നയിക്കുന്ന ദേശവിരുദ്ധ സ്വഭാവമുള്ള ആരോപണങ്ങൾക്ക് ഒരു തെളിവുമില്ല. ഗൂഢാലോചനയ്ക്കുപിന്നിൽ സ്വപ്നയും പി സി ജോർജുമാണെന്നതിന് തെളിവുണ്ട്. അന്വേഷണത്തിൽ നിരവധി രേഖകളും തൊണ്ടിമുതലും കണ്ടെത്തി. സർക്കാരിനെതിരെ കുറ്റം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ക്രമസമാധാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ നിലനിൽക്കുമെന്നും സ്വപ്നയുടെ ഹർജി തള്ളണമെന്നും അന്വേഷകസംഘം ആവശ്യപ്പെട്ടു.
സ്വപ്നയുടെ മൊഴിപ്പകർപ്പ് :
സരിതയുടെ ഹർജി മാറ്റി
സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹർജി ഹൈക്കോടതി കൂടുതൽ വാദത്തിനായി മാറ്റി. കേസിൽ അമിക്കസ് ക്യൂറിയുടെ വാദം പൂർത്തിയായി. രഹസ്യമൊഴി ഒരുപരിധിവരെ പൊതുരേഖയാണെന്ന് അമിക്കസ് ക്യൂറി അഡ്വ. കെ കെ ധീരേന്ദ്രകൃഷ്ണൻ വ്യക്തമാക്കി.
കുറ്റപത്രം സമർപ്പിക്കുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥനുമാത്രമേ പകർപ്പ് കിട്ടാൻ അവകാശമുള്ളൂ. കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞാൽ മൊഴിപ്പകർപ്പ് ആർക്കും കിട്ടാം. കേസിൽ കുറ്റപത്രം സമർപ്പിച്ചതാണല്ലോ എന്ന് കോടതി വാദത്തിനിടെ പരാമർശിച്ചു. കുറ്റപത്രം സമർപ്പിച്ചതാണെങ്കിലും തുടരന്വേഷണം കേസിന്റെ ഭാഗമാണെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. രഹസ്യമൊഴി പൊതുരേഖയാണോ എന്ന നിയമപ്രശ്നമാണ് കോടതി പരിശോധിക്കുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നത്. സരിതയുടെ വാദം തിങ്കളാഴ്ച നടക്കും.