ഒറിഗോൺ
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി അമേരിക്ക. പുരുഷ ഷോട്ട്പുട്ടിൽ ആദ്യ മൂന്നുസ്ഥാനവും നേടുന്ന ആദ്യരാജ്യമായി. രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനായ റ്യാൻ ഗ്രൗസെറിനാണ് സ്വർണം (22.94). ജോ കൊവാക്സ് (22.89) വെള്ളിയും ജോഷ് ഔതുണ്ടെ (22.29) വെങ്കലവും സ്വന്തമാക്കി. പുരുഷന്മാരുടെ 100 മീറ്ററിലെ മൂന്ന് മെഡലുകളും അമേരിക്കയ്ക്കാണ്.
പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ അമേരിക്കയുടെ ഗ്രാന്റ് ഹോള്ളോവായ് സ്വർണം നിലനിർത്തി. ഒളിമ്പിക് ചാമ്പ്യൻ ജമെെക്കയുടെ ഹാൻസ്-ലെ പാർച്ചെന്റ് മത്സരത്തിന് തൊട്ടുമുമ്പ് പരിക്കേറ്റ് പിന്മാറുകയായിരുന്നു. നിലവിൽ ലോക രണ്ടാംറാങ്കുകാരനും അമേരിക്കൻ ഫുട്ബോൾ ടീം ഫിലാഡെൽഫിയ ഈഗിൾസിന്റെ താരവുമായ ഡെവൺ അല്ലെൻ ഫൗൾ സ്റ്റാർട്ടിലും പുറത്തായി. അമേരിക്കയുടെ തന്നെ ട്രെയ് കണ്ണിങ്ഹാമിനാണ് വെള്ളി. വെങ്കലം സ്പെയ്നിന്റെ എസിയെർ മാർട്ടിനെസിനും.
വനിതാ പോൾവോൾട്ടിൽ അമേരിക്ക മിന്നി. കാറ്റി നഗിയോട്ടി സ്വർണവും സാൻഡി മോറിസ് വെള്ളിയും നേടി. വനിതകളുടെ ഹാമർത്രോയിൽ അമേരിക്കയുടെ ബ്രൂക്ക് ആൻഡേഴ്സെനാണ് സ്വർണം. പുരുഷ 10,000 മീറ്ററിൽ ഉഗാണ്ടയുടെ ജോഷ്വ ചെപ്തെഗെയ് ഒന്നാമതെത്തി. മാരത്തണിൽ എത്യോപ്യയുടെ തമിറാത് തോല ചാമ്പ്യനായി.