ഒറിഗോൺ
‘‘മുപ്പതിനുശേഷം എന്ത് പരിമിതിയാണ് നിങ്ങൾക്കുള്ളത്’’– ഷെല്ലി ആൻഫ്രേസർ പ്രൈസിയുടേതാണ് ചോദ്യം. നിലവിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിത. പ്രായം 35. അഞ്ച് വയസുള്ള ഒരു മകനുണ്ട് ഷെല്ലിക്ക്. നൂറ് മീറ്ററിൽ അഞ്ചാംലോകകിരീടവും സ്വന്തമാക്കിയതിനുശേഷം ഷെല്ലി പറഞ്ഞു– ‘‘ഈ പ്രായത്തിലും നിങ്ങൾക്ക് കുതിക്കാനാകും. ഒന്നും തടയില്ല. മുപ്പതുകഴിഞ്ഞ ഒരു വനിതയ്ക്ക് എന്തും കഴിയുമെന്ന് ഞാൻ തെളിയിച്ചിരിക്കുന്നു’’.
ലോക അത്-ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് വനിതാ 100 മീറ്ററിൽ ഷെല്ലി സ്വർണമണിഞ്ഞത്. സമയം –10.67 സെക്കൻഡ്. ലോക ചാമ്പ്യൻഷിപ് റെക്കോഡുമാണിത്. പുരുഷന്മാരിൽ മൂന്ന് മെഡലും നേടി അമേരിക്കൻ ആധിപത്യമെങ്കിൽ വനിതകളിൽ അത് ജമെെക്കയായിരുന്നു. രണ്ടാമതെത്തിയ ഷെറീക്ക ജാക്സൺ 10.73 സെക്കൻഡിൽ ദൂരം പൂർത്തിയാക്കി. ഒളിമ്പിക് ചാമ്പ്യൻ ഇലെയ്ൻ തോംപ്സൺ ഹെറാ 10.81 സെക്കൻഡിൽ വെങ്കലവും സ്വന്തമാക്കി. മത്സരിച്ച എട്ടുപേരിൽ ഏഴുതാരങ്ങളും 11 സെക്കൻഡിൽ താഴെയാണ് ഓടിത്തീർത്തത്.
ലോക അത്-ലറ്റിക്സിലെ ഇതിഹാസങ്ങൾക്കൊപ്പമാണ് ഷെല്ലിയുടെ സ്ഥാനം. 2008ലെ ബീജിങ് ഒളിമ്പിക്സിൽ ചാമ്പ്യനായാണ് തുടക്കം. ആ മേളയിൽതന്നെയായിരുന്നു മറ്റൊരു ലോകതാരവും ഉയർന്നുവന്നത്– യുസെെൻ ബോൾട്ട്. ബോൾട്ട് ഇതിനിടെ വിരമിച്ചെങ്കിലും ഷെല്ലി ട്രാക്കിൽ തുടർന്നു. അതിനിടെ മകനുണ്ടായി, ഇടവേളയെടുത്തു, വീണ്ടും തിരിച്ചുവന്നു, എന്നത്തെക്കാളും മികച്ചരീതിയിൽ ഓടുന്നു. ട്രാക്കിൽ ഇത്രയുംകാലം സ്ഥിരത പുലർത്തിയ മറ്റൊരു താരമുണ്ടാകില്ല. അതും സ്പ്രിന്റിൽ. ഒരു കാര്യത്തിൽ മാത്രമാണ് നിരാശ. ലോക റെക്കോഡ്. അമേരിക്കൻ താരം ഫ്ലോജോയുടെ പേരിലുള്ള 10.49 സെക്കൻഡിന് ഇതുവരെ ഇളക്കംതട്ടിയില്ല. 10.54 സെക്കൻഡുള്ള ഇലെയ്ന്റെ പേരിലാണ് രണ്ടാമത്തെ സമയം. മൂന്നാമത്തെ സമയമാണ് ഷെല്ലിക്ക് – 10.60. എങ്കിലും ഷെല്ലിയുടെ മികവിന് കുറവില്ല. ഇക്കാലമത്രയും ബോൾട്ടെന്ന ഇതിഹാസത്തിന്റെ നിഴലിലായിരുന്നു അവർ. പുരുഷവിഭാഗത്തിൽ ബോൾട്ട് കുറിച്ച നേട്ടങ്ങൾക്കൊപ്പമാണ് ഷെല്ലിയുടേതും. ലോക റെക്കോഡ് ഒഴികെ.
ഒരേയിനത്തിൽ അഞ്ചോ അതിലധികമോ സ്വർണം നേടിയിട്ടുള്ള അപൂർവം താരങ്ങളേയുള്ളൂ ലോക അത്ലറ്റിക്സിൽ. ആറ് സ്വർണം നേടിയ പോൾവോൾട്ട് ഇതിഹാസം സെർജി ബൂബ്കയുടെ റെക്കോഡിനൊപ്പമെത്താൻ ഷെല്ലിക്ക് അവസരമുണ്ട്. 200 മീറ്ററിലും മത്സരിക്കുന്നുണ്ട് മുപ്പത്തഞ്ചുകാരി. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലുമായി 13 സ്വർണമുണ്ട്. ആറ് വെള്ളിയും ഒരു വെങ്കലവും. 2009ലെ ബെർലിൻ ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ സ്വർണവുമായാണ് തുടക്കം. 2013 മോസ്കോയിലും 2015ൽ ബീജിങ്ങിലും 2019ൽ ദോഹയിലും 100ലെ നേട്ടമാവർത്തിച്ചു. ഇതിനിടെ ഒരുതവണ 200ലും ചാമ്പ്യനായി. നാലുതവണ റിലേയിലും സ്വർണം കിട്ടി.