തിരുവനന്തപുരം
വിദേശ പഠനത്തിന് അർഹതനേടുന്ന പട്ടികവിഭാഗം വിദ്യാർഥികൾക്ക് മുൻകൂറായി തുക അനുവദിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. ഈ സർക്കാർ വന്നശേഷം 161 എസ്സി വിദ്യാർഥികൾക്കും 13 എസ്ടി വിദ്യാർഥികൾക്കും വിദേശപഠന സ്കോളർഷിപ് അനുവദിച്ചു. പിജി, പിഎച്ച്ഡി കോഴ്സുകൾക്ക് വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിച്ചതിന്റെ രേഖകൾ പരിശോധിച്ച് 25 ലക്ഷം രൂപവരെയാണ് സ്കോളർഷിപ് നൽകുന്നത്. സർവകലാശാല ബാങ്ക് ഗ്യാരന്റി ആവശ്യപ്പെട്ടാൽ വിദ്യാർഥിയുടെയും വകുപ്പ് ഡയറക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ ആവശ്യമായ തുക നിക്ഷേപിക്കുന്നുണ്ട്. സ്കോളർഷിപ് തുക യഥാസമയം ലഭിക്കുന്നില്ലെന്നോ, മുൻകൂറായി തുക ലഭിക്കാത്തതിനാൽ പഠനം ഉപേക്ഷിക്കേണ്ടിവന്നതായോ ഉള്ള പരാതി ലഭിച്ചിട്ടില്ലെന്നും വി ശശിയുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.